ഇരിട്ടി: വൻതുക ചെലവിട്ട് നവീകരണം പൂർത്തിയാക്കിയ മാക്കൂട്ടം – പെരുമ്പാടി ചുരം പാത വീണ്ടും തകർച്ചയിലേക്ക്. 11.75 കോടി രൂപ മുടക്കി മൂന്ന് റീച്ചുകളിലായി നവീകരിച്ച 1.100 കിലോമീറ്റർ ദൂരത്താണ് ടാറിങ് പൂർണമായും തകർന്ന് ഗതാഗതയോഗ്യമല്ലാത്ത സ്ഥിതിയിലായത്.
റോഡിൽ രൂപപ്പെട്ടിരിക്കുന്ന ഭീമമായ കുഴികൾ വാഹനഗതാഗതത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അപകടസാധ്യത ഏറുന്നു
പ്രത്യേകിച്ച് മെതിയടിപ്പാറ ഹനുമാൻ ക്ഷേത്രത്തിന് സമീപത്തെ ഭാഗം ഇപ്പോൾ അതീവ അപകടഭീഷണിയിലാണ്.
ഇവിടെ ടാറിങ് പൂർണമായും ഇളകി മാറിയ നിലയിലാണ്. പെരുമ്പാടി മുതൽ കേരള അതിർത്തി വരെയുള്ള 5.9 കിലോമീറ്റർ ഭാഗത്തായിരുന്നു സമീപകാലത്ത് നവീകരണ പ്രവർത്തനങ്ങൾ നടന്നത്.
എന്നാൽ ശക്തമായ മഴയെത്തുടർന്ന് റോഡ് വീണ്ടും തകർന്നു. നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതയും മേൽനോട്ടക്കുറവും ഇതിനകം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ഇതിനുപുറമെ, ഇതുവരെ നവീകരണം നടക്കാത്ത 5.8 കിലോമീറ്റർ ഭാഗം കൂടി തകർന്നതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിയായി. യാത്രക്കാരുടെ ദുരിതം
റോഡ് തകർന്നതോടെ കുടകിലേക്കും കേരളത്തിലേക്കും നിത്യേന സഞ്ചരിക്കുന്ന നൂറുകണക്കിന് വാഹന യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.
റോഡരികുകൾ കോൺക്രീറ്റ് ചെയ്യാത്തത് ടാറിങ് പെട്ടെന്ന് തകരുന്നതിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തെക്കുറിച്ച് വാഹന ഉടമയായ ജെറിൻ പേരട്ട പറയുന്നത് ഇങ്ങനെ: “ബിൽഡിങ് മെറ്റീരിയൽ ഉൾപ്പെടെയുള്ള സാമഗ്രികളുമായി സ്ഥിരം ചുരം റോഡിൽ വാഹനം ഓടിക്കുന്നതാണ്.
നേരത്തേ മുക്കാൽ മണിക്കൂർ കൊണ്ട് വീരാജ്പേട്ട – കൂട്ടുപുഴ ദൂരം എത്തിയിരുന്നതാണെങ്കിൽ ഇപ്പോൾ ഒന്നേകാൽ – ഒന്നര മണിക്കൂർ വേണം.
ഓരോ ദിവസവും റോഡിൽ പുതിയ കുഴികളാണ്. വാഹനം കേടുപാടാകുന്നതു സ്ഥിരമാണ്.”
പരിഹാരത്തിനായി കാത്ത്
ശേഷിക്കുന്ന ഭാഗങ്ങൾ ഉൾപ്പെടെ 14 കിലോമീറ്റർ പാത 40 കോടി രൂപ ചെലവിൽ നവീകരിക്കണമെന്ന ശുപാർശ കർണാടക സർക്കാരിന്റെ പരിഗണനയിലുണ്ട്.
എങ്കിലും, പുതുതായി നവീകരിച്ച ഭാഗത്തെ അപാകതകൾ അടിയന്തരമായി പരിഹരിച്ച് യാത്ര സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

