ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുണ്ടായ പോലീസ് നടപടിയിൽ യുവാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് പ്രദേശത്ത് കനത്ത പ്രതിഷേധം ഉയരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി.
ഭദേർവ സ്വദേശിയായ ആരിഫ് ഹുസൈൻ (30) ആണ് മരിച്ചത്. സംഭവത്തിൽ പോലീസും നാട്ടുകാരും വ്യത്യസ്തമായ വാദങ്ങളാണ് ഉന്നയിക്കുന്നത്.
വിനോദസഞ്ചാര കേന്ദ്രമായ ഝായിൽ വെച്ച് ജമ്മു കശ്മീർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പുമായി ഉണ്ടായ തർക്കത്തിനിടെ ആരിഫ് ഹുസൈൻ വെടിയേറ്റ് മരിച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം. മരിച്ച ആരിഫ് ഹുസൈൻ നിരപരാധിയാണെന്നും സ്ഥലത്തെ ഓട്ടോ ഡ്രൈവർ ആയിരുന്നുവെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള തർക്കത്തിൽ ഇടപെട്ട മറ്റൊരു വ്യക്തിയെ പോലീസ് ക്രൂരമായി മർദ്ദിച്ചതായും പ്രതിഷേധക്കാർ ആരോപിക്കുന്നു.
സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എന്നാൽ, പ്രദേശത്ത് കാലിക്കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പരിശോധന നടത്തുന്നതിനിടെയാണ് ദൗർഭാഗ്യകരമായ സംഭവമുണ്ടായതെന്ന് പോലീസ് വിശദീകരിക്കുന്നു.
പരിശോധനാവേളയിൽ എത്തിയ രണ്ടുപേരെ തടയാൻ ശ്രമിച്ചപ്പോൾ അവർ പോലീസിനെ ആക്രമിച്ച് തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും, പിടിവലിക്കിടെ അബദ്ധത്തിൽ വെടിപൊട്ടി ആരിഫ് ഹുസൈൻ മരിക്കുകയുമായിരുന്നുവെന്നുമാണ് പോലീസ് ഭാഷ്യം. ഈ സംഘർഷത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും, ആരിഫിനൊപ്പം ഉണ്ടായിരുന്ന രണ്ടാമത്തെയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടുവെന്നും അധികൃതർ അറിയിച്ചു.
യുവാവിന്റെ മരണവാർത്ത പുറത്തുവന്നതോടെ ഭദേർവ മേഖലയിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. പ്രദേശത്തെ പ്രമുഖ സംഘടനയായ അൻജുമൻ-ഇ-ഇസ്ലാമിയ ഭദേർവയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.
ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിനായി വൻ പോലീസ് സന്നാഹത്തെയും സി.ആർ.പി.എഫിനെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഭദേർവയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

