കടയ്ക്കലിൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ പൊലീസ് സാഹസികമായി പിടികൂടി.
തിരുവനന്തപുരം കല്ലിയൂർ കുറക്കോട്ടുകോണം കുന്നുംപുറത്ത് വീട്ടിൽ യദുകൃഷ്ണൻ (18), ശ്രീകാര്യം ചന്തവിള പുതുവൽ പുത്തൻ വീട്ടിൽ ആദർശ് (20) എന്നിവരാണ് പിടിയിലായത്. പാങ്ങലുകാട് ജംക്ഷനിലെ കടയുടെ ഗ്ലാസ് തകർത്ത് പണവും മൊബൈൽ ഫോണും കവരുകയായിരുന്നു.
മോഷണത്തിനിടെ ഗ്ലാസ് തകർക്കുന്നതിനിടയിൽ പ്രതികളുടെ കൈക്ക് പരിക്കേറ്റു. തുടർന്ന് ചികിത്സ തേടി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണ് പൊലീസും നാട്ടുകാരും ചേർന്ന് ഇവരെ വലയിലാക്കിയത്.
മോഷ്ടിച്ച ബൈക്കിലാണ് ഇവർ സംഭവസ്ഥലത്തെത്തിയത്. അറസ്റ്റിനു പിന്നാലെ പൊലീസുകാരോട് പ്രതികൾ അക്രമാസക്തമായി പെരുമാറുകയും വെല്ലുവിളിക്കുകയും ചെയ്തു.
‘13–ാം വയസ്സിൽ ജയിലിൽ കയറിയതാ. 2 കൊലക്കേസുണ്ട്… സ്വന്തം വക്കീലുണ്ടെടാ’ എന്നും ‘കോടതിയിൽ കൊണ്ടു പോ., കൂടിപ്പോയാൽ 14 ദിവസം.
അതുമല്ലെങ്കിൽ ഒരു മാസം. തിരിച്ചു വരും, കാണിച്ചു തരാം’ എന്നുമാണ് പ്രതികൾ ആക്രോശിച്ചത്.
കടയ്ക്കൽ എസ്.ഐ. ജ്യോതിഷ് ചിറവൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
കൊല്ലം ഈസ്റ്റ്, മ്യൂസിയം, കഴക്കൂട്ടം, തുമ്പ, നെടുമങ്ങാട് തുടങ്ങിയ സ്റ്റേഷനുകളിലായി മോഷണം, വാഹനമോഷ്ടണം, വധശ്രമം തുടങ്ങി പത്തോളം കേസുകളിൽ ഇവർ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി. ലഹരിമരുന്ന് വിപണനവുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

