വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയാണെന്ന് വ്യാജേന ജനപ്രതിനിധികളെ വിളിച്ച് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. കേസിൽ നിർണായകമായ ചില വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
തട്ടിപ്പിനായി ഉപയോഗിച്ച ഫോൺ നമ്പർ ഡൽഹി സ്വദേശിയുടേതാണെന്ന് പോലീസ് കണ്ടെത്തിക്കഴിഞ്ഞു. പ്രതികളെ പിടികൂടുന്നതിനായി കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഉത്തരേന്ത്യയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
ഓൺലൈൻ തട്ടിപ്പ് സംഘമാണ് ഈ സംഭവത്തിന് പിന്നിലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കോഴിക്കോട്, വയനാട് ജില്ലകളിലെ സൈബർ പോലീസ് വിഭാഗങ്ങൾ സംയുക്തമായാണ് കേസിൽ അന്വേഷണം നടത്തുന്നത്.
പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി ഡി.എസ്. രാജ്കുമാർ ഡി.ജി.പി, വയനാട് ജില്ലാ പോലീസ് മേധാവി എന്നിവർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
യു.ഡി.എഫ് ജനപ്രതിനിധികളെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് സംഘം പ്രവർത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. നേരത്തെ ഷാഫി പറമ്പിൽ എം.പി, ഡീൻ കുര്യാക്കോസ് എം.പി എന്നിവർക്കും സമാനമായ രീതിയിൽ ഉന്നത പദവികൾ വാഗ്ദാനം ചെയ്തുകൊണ്ട് ഫോൺ കോളുകൾ വന്നിരുന്നു.
ഏറ്റവും ഒടുവിലായി എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണൻ ആണ് തട്ടിപ്പിനിരയായത്. “കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം ശരിയാക്കിത്തരാമെന്നുമായിരുന്നു” സംഘം നൽകിയ വാഗ്ദാനം.
വയനാട് എം.പിയുടെ ഓഫീസിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്സ്ആപ്പ് വഴിയാണ് വിദ്യയ്ക്ക് കോൾ എത്തിയത്. സംശയം തോന്നിയ എം.എൽ.എ ഉടൻ തന്നെ പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെടുകയും തട്ടിപ്പ് തിരിച്ചറിയുകയുമായിരുന്നു.
തുടർന്ന് വിദ്യ കോഴിക്കോട് സൈബർ പോലീസിൽ പരാതി നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

