പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ അപകടത്തിൽപ്പെട്ട് മുൻവശത്തെ ചില്ലുകൾ പൂർണ്ണമായും തകർന്ന കെഎസ്ആർടിസി ബസ്, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഹെൽമറ്റ് ധരിച്ച് ഡ്രൈവർ വർക്ഷോപ്പിലേക്ക് എത്തിച്ചു. കോന്നി കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ ഇളകൊള്ളൂർ സ്വദേശി ടി.രാജേഷ് കുമാർ ആണ് വ്യത്യസ്തമായ ഈ തീരുമാനത്തിലൂടെ ശ്രദ്ധേയനായത്.
കഴിഞ്ഞ 8-ാം തീയതി ആണ് സംഭവം നടന്നത്. തിരുവനന്തപുരത്തു നിന്നും പത്തനംതിട്ടയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്, വകയാർ ചന്തയ്ക്ക് സമീപം വെച്ച് നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിൽ ഇടിക്കുകയായിരുന്നു.
തുടർന്ന് ബസ് കോന്നി സ്റ്റേഷനിലേക്ക് മാറ്റി. പൊലീസ്, മോട്ടർവാഹന വകുപ്പ് അധികൃതരുടെ പരിശോധനകൾ പൂർത്തിയായതിനെത്തുടർന്ന്, ചൊവ്വാഴ്ച ബസ് അറ്റകുറ്റപ്പണികൾക്കായി മാവേലിക്കരയിലെ വർക്ഷോപ്പിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു.
മുൻവശത്തെ ചില്ലുകൾ പൂർണ്ണമായും തകർന്ന അവസ്ഥയിലായിരുന്നതിനാൽ, വാഹനം ഓടിക്കുമ്പോൾ കാറ്റും പൊടിയും മുഖത്തടിക്കുന്നത് ഒഴിവാക്കാനും, പൊട്ടിയ ചില്ലുകൾ മുഖത്തേക്ക് തെറിക്കാതിരിക്കാനും വേണ്ടിയാണ് മുൻകരുതൽ എന്ന നിലയിൽ രാജേഷ് കുമാർ ഹെൽമറ്റ് ധരിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

