ദേശീയപാത 544-ൽ വടക്കഞ്ചേരി – മണ്ണുത്തി ആറുവരിപ്പാതയിൽ സ്ഥിതി ചെയ്യുന്ന വടക്കഞ്ചേരി ഇടതു മേൽപാലത്തിൽ അറ്റകുറ്റപ്പണികൾക്കായി ഗതാഗതം പൂർണമായി നിർത്തിവെച്ചു. തൃശൂർ ദിശയിലേക്ക് പോകുന്ന മൂന്ന് വരി പാതയാണ് ഇതിനായി അടച്ചിട്ടിരിക്കുന്നത്.
നിലവിൽ ബാരിക്കേഡുകൾ സ്ഥാപിച്ച്, ഈ ഭാഗത്തുകൂടി കടന്നുപോകേണ്ട വാഹനങ്ങളെ വലതു മേൽപാലത്തിന്റെ ഇടതുവശത്തുകൂടി തിരിച്ചുവിട്ടിരിക്കുകയാണ്.
കഴിഞ്ഞ മേയ് 16-ന് പാലക്കാട് ദിശയിലേക്കുള്ള മേൽപാലം പൊളിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഈ ജോലികൾ പൂർത്തിയായി ഗതാഗതം പുനസ്ഥാപിച്ചതിന് തൊട്ടുപിന്നാലെയാണ് മറുഭാഗത്തെ പാലം അടച്ച് അറ്റകുറ്റപ്പണി ആരംഭിച്ചത്.
പാലത്തിലെ ജോയിന്റുകളിൽ വിള്ളലുകൾ രൂപപ്പെടുകയും, വാഹനങ്ങൾ കടന്നുപോകുമ്പോൾ അമിതമായ ശബ്ദവും കുലുക്കവും അനുഭവപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് അടിയന്തരമായി ബലപ്പെടുത്തൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. 2021 ഫെബ്രുവരിയിലാണ് വടക്കഞ്ചേരി മേൽപാലം പൊതുഗതാഗതത്തിനായി തുറന്നുകൊടുത്തത്.
എന്നാൽ ഉദ്ഘാടനത്തിന് ശേഷം തുടർച്ചയായി അറ്റകുറ്റപ്പണികൾ നടത്തിവരികയാണ്. ഇതുവരെ ഏകദേശം 110 തവണയോളം പാലത്തിന്റെ വിവിധ ഭാഗങ്ങൾ പൊളിച്ചു പണിതിട്ടുണ്ട്.
നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ഇടയ്ക്കിടെയുള്ള ഈ തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നുണ്ടെങ്കിലും, പതിവ് അറ്റകുറ്റപ്പണികൾ മാത്രമാണ് നടക്കുന്നതെന്നാണ് നിർമ്മാണക്കമ്പനിയുടെ ഔദ്യോഗിക ഭാഷ്യം. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് നൂറിലധികം തവണ അറ്റകുറ്റപ്പണികൾ വേണ്ടി വന്ന സാഹചര്യത്തിൽ, ഈ മേൽപാലത്തിന്റെ സുരക്ഷയെക്കുറിച്ച് വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.
തകർന്ന ജോയിന്റുകളിൽ ഇരുമ്പുപാളികൾ ഘടിപ്പിച്ച് കോൺക്രീറ്റിങ് നടത്തുന്ന രീതിയിലുള്ള നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കുറഞ്ഞത് ഒന്നരമാസത്തെ സമയമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ ആശ്രയിക്കുന്ന പാതയിൽ തുടർച്ചയായുള്ള ഈ നിർമ്മാണ പ്രവർത്തനങ്ങൾ രൂക്ഷമായ ഗതാഗത തടസ്സങ്ങൾക്കും കാരണമാകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

