കൂത്താട്ടുകുളത്തിനടുത്ത് ഇലഞ്ഞി അന്ത്യാൽ പാറേക്കാട്ടിൽ വയോധികരായ ദമ്പതികൾ വീടില്ലാതെ ദുരിതജീവിതം നയിക്കുന്നു. ചാത്തൻ ഗോപാലൻ (73), ഭാര്യ കുഞ്ഞമ്മ ഗോപാലൻ (71) എന്നിവരാണ് ഇപ്പോൾ നാട്ടുകാർ വാടകയ്ക്കെടുത്ത് നൽകിയ ചെറിയ വീട്ടിൽ അന്തിയുറങ്ങുന്നത്.
ഇവരുടെ മകൻ കേരള പൊലീസ് സേനാംഗമാണ്. ഈ ദമ്പതികളുടെ ജീവിതം വഴിമുട്ടിയത് മകൻ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ്.
2007-ൽ പിറവം കക്കയത്തെ തങ്ങളുടെ സ്ഥലം വിറ്റുകിട്ടിയ തുക ഉപയോഗിച്ചാണ് ഇവർ അന്ത്യാലിൽ ഒൻപതര സെന്റ് സ്ഥലം മകന്റെ പേരിൽ വാങ്ങിയതും വീട് നിർമിച്ചതും. അന്ന് യാതൊരുവിധ സാമ്പത്തിക ബാധ്യതകളും ഇവർക്കുണ്ടായിരുന്നില്ല.
എന്നാൽ, മാതാപിതാക്കൾ അറിയാതെ മകൻ ഈ സ്ഥലം ഈടുവെച്ച് ഒരു പൊതുമേഖലാ ബാങ്കിൽ നിന്നും ലക്ഷക്കണക്കിന് രൂപ വായ്പ എടുക്കുകയായിരുന്നു. പലിശ സഹിതം വായ്പ കുടിശിക ഇപ്പോൾ 40 ലക്ഷം രൂപയായി ഉയർന്നതായാണ് വിവരം.
വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് നാല് വർഷം മുൻപ് മകൻ അറിയിച്ചതായി കുഞ്ഞമ്മ വ്യക്തമാക്കുന്നു. ഇതിനുശേഷം മൂന്ന് വർഷം കൂടി ഇവർ അവിടെ താമസിച്ചെങ്കിലും, ഒരു വർഷം മുൻപ് ബാങ്ക് അധികൃതർ സ്ഥലവും വീടും ജപ്തി ചെയ്തു.
നിലവിൽ ഹൃദ്രോഗവും കാഴ്ചക്കുറവും അലട്ടുന്ന ഗോപാലനും ഭാര്യയും പെട്ടിക്കടയിൽ നിന്നുള്ള തുച്ഛമായ വരുമാനം കൊണ്ടാണ് കഴിഞ്ഞുകൂടുന്നത്. നാട്ടുകാരുടെ സഹായം കൊണ്ടാണ് പലപ്പോഴും മരുന്നും ഭക്ഷണവും കണ്ടെത്തുന്നത്.
2022-ന് ശേഷം മകൻ ഇരുവരെയും കാണാൻ എത്തിയിട്ടില്ല. നേരത്തെ ആർഡിഒയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാസം 3,000 രൂപ ചെലവിനായി നൽകാമെന്ന് മകൻ സമ്മതിച്ചിരുന്നെങ്കിലും, ഒരു വർഷമായിട്ടും തുക ലഭിച്ചിട്ടില്ലെന്ന് വാർഡംഗം മോളി ഏബ്രഹാം സാക്ഷ്യപ്പെടുത്തുന്നു.
സാമ്പത്തികമായി വലിയ ശേഷിയില്ലാത്ത പെൺമക്കളാണ് നിലവിൽ ദമ്പതികൾക്ക് ചെറിയ സഹായങ്ങൾ ചെയ്തുനൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

