സ്മാർട്ട്ഫോൺ വിപണിയിൽ നിർണ്ണായകമായ മാറ്റങ്ങളുമായി വൺപ്ലസ് (OnePlus) രംഗത്ത്. വടക്കേ അമേരിക്ക, യൂറോപ്പ് എന്നീ വിപണികളിൽ ഇനി മുതൽ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കില്ലെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.
ദീർഘകാലമായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് കമ്പനിയുടെ ഈ സുപ്രധാന പ്രഖ്യാപനം. ഒപ്പോ (Oppo)-യുമായുള്ള സഹകരണത്തിന്റെ ഭാഗമായി 2022 മുതൽ ഗവേഷണം, വികസനം, സോഫ്റ്റ്വെയർ തുടങ്ങിയ മേഖലകളിൽ ഇരുകമ്പനികളും ഒരുമിച്ച് പ്രവർത്തിച്ചുവരികയായിരുന്നു.
ബിബിക്ക് ഇലക്ട്രോണിക്സ് (BBK Electronics) എന്ന വമ്പൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന വൺപ്ലസ്, ഒപ്പോ, റിയൽമി (Realme), വിവോ (Vivo), ഐക്യൂ (iQoo) തുടങ്ങിയ ബ്രാൻഡുകൾ നേരത്തെ സ്വതന്ത്രമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ, “the right brand does the right thing in the right market” എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് വിപണിയിൽ മാറ്റങ്ങൾ വരുത്തുന്നതെന്ന് ഒപ്പോ വ്യക്തമാക്കി.
ഇത് ഒപ്പോയുടെ മാത്രം തീരുമാനമല്ലെന്നും കമ്പനികൾ സംയുക്തമായി കൈക്കൊണ്ട തന്ത്രപരമായ തീരുമാനമാണെന്നും അധികൃതർ അറിയിക്കുന്നു.
ഉപഭോക്താക്കൾക്കുള്ള ഉറപ്പുകൾ
നിലവിൽ വൺപ്ലസ് ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് ആശങ്ക വേണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ അവകാശങ്ങളും സേവനങ്ങളും പഴയതുപോലെ തന്നെ തുടരും.
ആഫ്റ്റർ-സെയിൽസ് പിന്തുണ, വാറന്റി, സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ എന്നിവ ഉറപ്പാക്കുമെന്ന് കമ്പനി അറിയിച്ചു. വൺപ്ലസ് 15 (OnePlus 15), വൺപ്ലസ് 15 ആർ (OnePlus 15R) എന്നിവയായിരിക്കും അമേരിക്കയിൽ വിറ്റഴിക്കുന്ന അവസാന വൺപ്ലസ് മോഡലുകൾ.
മറ്റ് വിപണികളുടെ കാര്യത്തിൽ നിലവിൽ മാറ്റങ്ങളില്ലെന്നും, ചൈനയിൽ വൺപ്ലസിന്റെ ഉൽപ്പന്നങ്ങൾ പഴയതുപോലെ തുടരുമെന്നും കമ്പനി അറിയിച്ചു. അതേസമയം, വടക്കേ അമേരിക്കയിൽ ഒപ്പോയുടെ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, തൽക്കാലം അത്തരം പദ്ധതികളില്ലെന്നും എന്നാൽ ആഗോളതലത്തിൽ പുതിയ അവസരങ്ങൾക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഒപ്പോ പ്രതികരിച്ചു.
2026 ജനുവരിയിൽ അസൂസ് (Asus) തങ്ങളുടെ ROG ഫോൺ പരമ്പര താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെയാണ് വിപണിയിൽ ഇത്തരമൊരു പിന്മാറ്റം ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

