ശബരിമല സന്നിധാനത്തെ നിലവിലെ ഭസ്മക്കുളത്തിന്റെ സ്ഥാനം വാസ്തുശാസ്ത്ര പ്രകാരം അശാസ്ത്രീയമാണെന്ന കണ്ടെത്തലിനെത്തുടർന്ന് പുതിയ തീർഥക്കുളം നിർമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടികൾ ആരംഭിച്ചു. വലിയ നടപ്പന്തലിനും ശബരി ഗെസ്റ്റ് ഹൗസിനും മധ്യേയുള്ള സ്ഥലത്താണ് പുതിയ തീർഥക്കുളത്തിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
നിലവിൽ ഈ പ്രദേശം കൊപ്രാക്കളത്തിന്റെ ഭാഗമാണ്. പദ്ധതിയുടെ സാങ്കേതിക മേൽനോട്ടത്തിനായി ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തെ കൺസൾട്ടന്റായി നിയമിച്ചിട്ടുണ്ട്.
വാസ്തുശാസ്ത്ര പ്രകാരം ക്ഷേത്രത്തിന്റെ ഈശാന കോണിൽ (കിഴക്ക്-വടക്ക് ഭാഗം) ആണ് തീർഥക്കുളം സ്ഥിതി ചെയ്യേണ്ടത്. എന്നാൽ നിലവിലെ ഭസ്മക്കുളം ക്ഷേത്രത്തിന് പിന്നിലായാണ് സ്ഥിതി ചെയ്യുന്നത്.
സന്നിധാനത്തെ മലിനജലം ഒഴുകുന്നതും ഈ ഭാഗത്തുകൂടിയായതിനാൽ മാലിന്യം ഭസ്മക്കുളത്തിലേക്ക് കലരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സന്നിധാനത്ത് മുൻപ് നടന്ന ദേവപ്രശ്നങ്ങളിലും നിലവിലെ ഭസ്മക്കുളത്തിന്റെ സ്ഥാനം അശാസ്ത്രീയമാണെന്ന് തെളിഞ്ഞിരുന്നു.
പണ്ട് ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തായിരുന്നു ഭസ്മക്കുളം ഉണ്ടായിരുന്നത്. പിന്നീട് തീർഥാടകരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ സന്നിധാനം വികസിപ്പിക്കാനായി അത് നികത്തുകയായിരുന്നു.
കഴിഞ്ഞ ബോർഡിന്റെ കാലത്ത് പി.എസ്. പ്രശാന്ത് പ്രസിഡന്റായിരുന്ന സമയത്ത് കൊപ്രാക്കളത്തിന് സമീപം പുതിയ ഭസ്മക്കുളം നിർമിക്കാൻ പദ്ധതിയിടുകയും തറക്കല്ലിടുകയും ചെയ്തിരുന്നു.
എന്നാൽ സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്ന് നിർമാണം തടയുകയായിരുന്നു. ഇതിന് തുടർച്ചയായാണ് കെ.
ജയകുമാർ പ്രസിഡന്റായ പുതിയ ഭരണസമിതി, ഭസ്മക്കുളത്തിന് പകരം തീർഥക്കുളം നിർമിക്കാൻ തീരുമാനമെടുത്തത്. പദ്ധതി നടപ്പിലാക്കുന്നതിനായി ഹൈക്കോടതിയുടെ അനുമതി തേടാനുള്ള ശ്രമത്തിലാണ് നിലവിൽ ബോർഡ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

