കൊച്ചിയിൽ വ്യാജ സ്വർണ്ണം നൽകി ദമ്പതിമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത അന്തർസംസ്ഥാന സംഘത്തിലെ രണ്ടുപേരെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. കർണാടക മൈസൂരു സ്വദേശികളായ അർജുൻ (30), വിനോദ് (23) എന്നിവരാണ് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ ഒളിവിലിരിക്കെ പിടിയിലായത്.
സംഭവം ഇങ്ങനെ
കലൂർ സ്റ്റേഡിയത്തിന് സമീപമുള്ള കോഫി ഷോപ്പിൽ വെച്ചാണ് പ്രതികൾ ദമ്പതികളെ പരിചയപ്പെട്ടത്. മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്ന ദമ്പതികളെയാണ് ഇവർ കെണിയിൽ വീഴ്ത്തിയത്.
മൈസൂരിൽ ഭൂമി ഖനനം ചെയ്തപ്പോൾ ലഭിച്ച സ്വർണ്ണമാണിതെന്ന് വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. വിശ്വാസ്യത ഉറപ്പിക്കാൻ ആദ്യം യഥാർത്ഥ സ്വർണ്ണത്തിന്റെ സാമ്പിൾ പ്രതികൾ കൈമാറിയിരുന്നു.
തുടർന്ന്, സഹോദരിയുടെ വിവാഹാവശ്യത്തിനായി പണം അടിയന്തരമായി വേണമെന്ന് ആവശ്യപ്പെട്ട് ദമ്പതിമാരിൽ നിന്ന് ആറുലക്ഷം രൂപ കൈക്കലാക്കി. സ്വർണ്ണം വിറ്റുകിട്ടുന്ന തുകയിൽ നിന്ന് ബാക്കി കണക്കുകൾ തീർക്കാമെന്നും ഇവർ വാഗ്ദാനം ചെയ്തിരുന്നു.
പണം കൈപ്പറ്റിയ ഉടൻ പ്രതികൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. അന്വേഷണവും അറസ്റ്റും
പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം എസിപി സുരേഷ് കെ.ജി, പാലാരിവട്ടം ഇൻസ്പെക്ടർ അനൂപ് എ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
സബ് ഇൻസ്പെക്ടർ മിഥുൻ മോഹൻ, എഎസ്ഐ സിഘോഷ് പി.വി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് എൻ.എ, ദീപേഷ് കെ.പി എന്നിവരടങ്ങിയ സംഘം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് വ്യാജ സ്വർണ്ണവും മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്.
കേരളത്തിലെ വടക്കാഞ്ചേരി, ഷൊർണ്ണൂർ എന്നിവിടങ്ങളിലും കർണാടക, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ തട്ടിപ്പുകൾ ഇവർ നടത്തിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒളിവിലുള്ള സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

