മംഗളൂരു: കുന്ദാപുര ശശിഹിസ്ത്ലു ബീച്ചിൽ കടൽവെള്ളത്തിൽ വലിയ തോതിൽ വെളുത്ത പത പ്രത്യക്ഷപ്പെട്ടത് പ്രദേശവാസികളിൽ ആശങ്ക പരത്തി. തിരമാലകൾ കരയിലേക്ക് അടിച്ചുകയറുമ്പോൾ പതിവിലും അധികമായി പത അടിഞ്ഞുകൂടിയതോടെ നാട്ടുകാർ ഉടൻ തന്നെ ബന്ധപ്പെട്ട
അധികൃതർക്ക് വിവരം കൈമാറുകയായിരുന്നു. വിവരമറിഞ്ഞയുടൻ പൊലീസും പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
ഇതിന്റെ ഭാഗമായി രാസ പരിശോധനയ്ക്കായി പതയുടെ സാമ്പിളുകൾ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. സമീപ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് കരയിൽ നിന്നുള്ള വെള്ളം കടലിലേക്ക് ഒഴുകിയെത്തിയപ്പോൾ അതിൽ രാസവസ്തുക്കളോ ധാതുലവണങ്ങളോ കലർന്നതാകാം പത രൂപപ്പെടാൻ കാരണമെന്നാണ് പരിസ്ഥിതി വകുപ്പിന്റെ പ്രാഥമിക നിഗമനം.
തീരപ്രദേശത്തിന് സമീപത്തായി പ്രവർത്തിക്കുന്ന ഫാക്ടറികളിൽ നിന്ന് പുറംതള്ളുന്ന മാലിന്യങ്ങൾ മഴവെള്ളത്തിലൂടെ കടലിൽ എത്തിച്ചേരാനുള്ള സാധ്യതയും അധികൃതർ പരിശോധിക്കുന്നുണ്ട്. നിലവിൽ സമുദ്രത്തിലെ മത്സ്യസമ്പത്തിനെ ഈ പ്രതിഭാസം ബാധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
എങ്കിലും, ചർമ്മ സംബന്ധമായ അസുഖങ്ങളുള്ളവരും അലർജി ഉള്ളവരും പത ശരീരത്തിൽ ആകാതെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

