ഷൊർണൂർ പരിധിയിലെ വാണിയംകുളത്തുനിന്ന് ആറുദിവസം മുൻപ് കാണാതായ കുടുംബാംഗങ്ങളെ കണ്ടെത്താനുള്ള അന്വേഷണം കർണാടകയിലേക്കും വ്യാപിച്ചു. ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്.
നാടുകാണി ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഇവരുടെ പിക്കപ് വാഹനം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. നാടുകാണി ചുരം കടന്ന് കർണാടക ഭാഗത്തേക്ക് പോകുമ്പോൾ വാഹനത്തിൽ മൂന്നുപേരും ഉണ്ടായിരുന്നുവെന്നും, എന്നാൽ മടങ്ങിയെത്തി വാഹനം ഉപേക്ഷിച്ചപ്പോൾ വിഷ്ണു മാത്രമാണ് ഉണ്ടായിരുന്നതെന്നും പൊലീസിന്റെ പ്രാഥമിക കണ്ടെത്തലിൽ വ്യക്തമായി.
വാഹനം ഉപേക്ഷിച്ച ശേഷം വിഷ്ണു എവിടേക്കാണ് പോയതെന്നും മാതാപിതാക്കൾ എവിടെയാണെന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്ന് പിക്കപ് വാഹനം പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു.
കാണാതായ മൂന്നുപേരുടെയും മൊബൈൽ ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അവസാനമായി ലഭിച്ച ടവർ ലൊക്കേഷൻ വീടിനു സമീപത്തായിരുന്നുവെന്നതും അന്വേഷണത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.
നിലവിലെ അന്വേഷണ സംഘത്തിന് പുറമേ പ്രത്യേക സംഘത്തെ കൂടി രൂപീകരിച്ചാണ് പൊലീസ് പരിശോധന ശക്തമാക്കിയത്. എസ്ഐ കെ.പി.അശ്വിൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീഷ്, സിവിൽ പൊലീസ് ഓഫിസർ സുജി ശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൈസൂരു കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
ഇതിനു പുറമെ ഇൻസ്പെക്ടർ പി.വിഷ്ണു, എഎസ്ഐ അനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സന്ദീപ്, സുഭാഷ് എന്നിവരുൾപ്പെട്ട മറ്റൊരു സംഘം ഗൂഡല്ലൂർ, ബന്ദിപ്പൂർ, ഗുണ്ടൽപേട്ട് മേഖലകളിൽ പരിശോധന ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

