കോഴിക്കോട് ജില്ലയിൽ സ്ത്രീകൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്ക് വൻ ജനപ്രീതി. പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ, 14 ലക്ഷത്തോളം വനിതകളാണ് ജില്ലയിൽ ഇതിന്റെ പ്രയോജനം നേടിയത്.
ഈ കാലയളവിൽ 3.51 കോടി രൂപയുടെ ടിക്കറ്റുകളാണ് വിതരണം ചെയ്തത്. പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിയിലേറെ സ്ത്രീകളാണ് ഇപ്പോൾ കെഎസ്ആർടിസി ബസുകളെ യാത്രയ്ക്കായി ആശ്രയിക്കുന്നത്.
താമരശ്ശേരി ഡിപ്പോയിലാണ് ഏറ്റവും കൂടുതൽ പേർ ഈ സേവനം ഉപയോഗപ്പെടുത്തിയത്. 5.4 ലക്ഷത്തിലധികം യാത്രക്കാരുമായി 1.32 കോടി രൂപയുടെ ടിക്കറ്റ് വരുമാനം ഇവിടെ രേഖപ്പെടുത്തി.
വയനാട് മേഖലയിലേക്കുള്ള യാത്രക്കാരുടെ വർധനവും, കൊട്ടിയൂർ, ഗുരുവായൂർ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾക്കായി കെഎസ്ആർടിസിയെ കൂടുതൽ പേർ തിരഞ്ഞെടുക്കുന്നതുമാണ് ഈ നേട്ടത്തിന് പിന്നിൽ. ഹരിതകർമസേനാംഗമായ കെ.സുനിത പദ്ധതിയെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്: “ആദ്യമൊക്കെ ബസ് ചാർജ് ഓർത്ത് പല യാത്രകളും വേണ്ടെന്നു വച്ചിട്ടുണ്ട്.
ഒന്നിച്ച് ഒരു തുക യാത്രച്ചെലവിനായി മാറ്റിവയ്ക്കുന്നത് കുടുംബ ബജറ്റിനെ ബാധിക്കുമായിരുന്നു. കെഎസ്ആർടിസിയിൽ കയറുമ്പോൾ ഇപ്പോൾ പ്രത്യേക പരിഗണനയും സുരക്ഷിതത്വവും തോന്നാറുണ്ട്.
ഞങ്ങളെപ്പോലെയുള്ള സാധാരണക്കാർക്ക് പദ്ധതി ഒരുപാട് സഹായമാണ്.” അതേസമയം, പ്രിയദർശിനി പദ്ധതിയുടെ വരവ് സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അടിവാരം–കോഴിക്കോട്, ചെലവൂർ–വെള്ളിമാട്കുന്ന്, മുക്കം–കോഴിക്കോട്, കുറ്റ്യാടി–കോഴിക്കോട്, കണ്ണൂർ–കോഴിക്കോട്, വഴിക്കടവ്–കോഴിക്കോട് തുടങ്ങിയ റൂട്ടുകളിലെ ബസുകളെയാണ് ഇത് സാരമായി ബാധിച്ചത്.
തൊഴിലാളികളുടെ വരുമാനത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. ഒരു ദിവസം 1300–1500 രൂപ വരെ ലഭിച്ചിരുന്ന തൊഴിലാളികൾക്ക് ഇപ്പോൾ 600–700 രൂപ മാത്രമാണ് ലഭിക്കുന്നത്.
ഇന്ധനച്ചെലവും മറ്റ് പ്രവർത്തന ചെലവുകളും വർധിക്കുന്ന സാഹചര്യത്തിൽ ഈ മേഖലയിലുള്ളവർ ആശങ്കയിലാണ്. വിദ്യാർഥികളുടെ കൺസഷൻ തുക വർധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം.
മന്ത്രി നിർദേശിച്ച പരസ്യം പതിപ്പിക്കൽ, കൊറിയർ സർവീസ് തുടങ്ങിയ ബദൽ വരുമാന മാർഗങ്ങൾ പ്രായോഗികമല്ലെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം സി.കെ.അബ്ദുറഹ്മാൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

