അവകാശത്തർക്കം തുടരുന്ന മധ്യപ്രദേശിലെ **ഭോജ്ശാല കമാൽ മൗല മസ്ജിദ്** വിഷയത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. തർക്കത്തിലിരിക്കുന്ന മസ്ജിദ് പരിസരത്തെ തുറസ്സായ സ്ഥലത്ത് വെള്ളിയാഴ്ചകളിൽ നിസ്കാരം നിർവഹിക്കാൻ കോടതി താൽക്കാലിക അനുമതി നൽകി.
എന്നാൽ, ഇത് പൂർണ്ണമായ അനുമതിയായി കാണരുതെന്നും അന്തിമ വിധിക്കു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. നിലവിൽ മുസ്ലിം വിഭാഗത്തിന് നിശ്ചിത ദിവസങ്ങളിൽ നിസ്കരിക്കാൻ അനുവദിച്ചിരുന്ന സാഹചര്യം പുനഃസ്ഥാപിക്കണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല.
സംഘർഷത്തിന് ഇടയാക്കുന്ന തരത്തിലുള്ള യാതൊരുവിധ ഉത്തരവുകളും പുറപ്പെടുവിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ഹർജികളിൽ നോട്ടിസ് അയച്ചു. വിഷയം വിശദമായി പരിശോധിച്ച ശേഷം മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
കൂടാതെ, പുരാവസ്തു വകുപ്പിനും കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ പ്രസ്തുത കെട്ടിടത്തിൽ ഘടനാപരമായ മാറ്റങ്ങളോ അറ്റകുറ്റപ്പണികളോ വരുത്തരുതെന്ന് നിർദേശിച്ചു.
പശ്ചാത്തലം
ഈ സ്ഥലം സരസ്വതി ദേവിക്ക് സമർപ്പിക്കപ്പെട്ട ക്ഷേത്രമാണെന്ന ഹൈക്കോടതി നിരീക്ഷണമാണ് തർക്കങ്ങൾക്ക് ആധാരം.
പതിനൊന്നാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഈ കെട്ടിടം പൂർണമായും സരസ്വതി ക്ഷേത്രമാണെന്നും മുസ്ലിംകൾക്ക് ഇവിടെ പ്രാർഥിക്കാൻ അവകാശമില്ലെന്നും ഹിന്ദു വിഭാഗം വാദിക്കുന്നു.
2003-ലെ ധാരണ പ്രകാരം ചൊവ്വാഴ്ചകളിൽ ഇവിടെ പൂജ നടക്കുന്നുണ്ട്. എന്നാൽ, കഴിഞ്ഞ 700 വർഷമായി വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരം നടത്തുന്നതിന് തെളിവുകളുണ്ടെന്ന് മുസ്ലിം വിഭാഗം കോടതിയിൽ വാദിച്ചു.
നേരത്തെ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഇവിടെ നിസ്കാരം വിലക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

