ഉന്നത പഠനവും തൊഴിൽ മേഖലയിലെ തെരഞ്ഞെടുപ്പുകളും സംബന്ധിച്ച വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും ആശങ്കകൾക്ക് പരിഹാരവുമായി പുതിയ സാങ്കേതിക വിദ്യ. നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് കൃത്യമായ കരിയർ പാതകൾ നിർണ്ണയിക്കുന്ന ഗവേഷണത്തിന് പേറ്റന്റ് ലഭിച്ചു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസറായ ഡോ. സുധീപ് ഇളയിടം, ചിന്മയ വിശ്വ വിദ്യാപീഠം ഡീംഡ് സർവകലാശാല അധ്യാപിക ഡോ.
അനുപമ എന്നിവർ സംയുക്തമായാണ് ഈ നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചത്. വ്യക്തികളുടെയും കുട്ടികളുടെയും അഭിരുചികൾ ശാസ്ത്രീയമായി വിശകലനം ചെയ്ത് അവർക്ക് അനുയോജ്യമായ തൊഴിൽ മേഖലകൾ നിർദ്ദേശിക്കാൻ ഈ സംവിധാനത്തിന് സാധിക്കും.
സൈക്കോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ വിഷൻ, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നീ മേഖലകളെ സംയോജിപ്പിച്ചുള്ള ഒരു ഇന്റർഡിസിപ്ലിനറി പഠനത്തിന്റെ ഫലമായാണ് ഈ പേറ്റന്റ് നേട്ടം. ഇതിന്റെ ഭാഗമായി ഭാവിയിൽ ക്ലാസ്സ്റൂമുകളിൽ സ്ഥാപിക്കാൻ കഴിയുന്ന പ്രത്യേക മോണിറ്ററിങ് യൂണിറ്റും ഗവേഷകർ രൂപകൽപ്പന ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 25 വർഷത്തിലേറെയായി കുസാറ്റിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ഡോ. സുധീപ് ഇളയിടം ഡാറ്റ സയൻസ് വിഷയങ്ങളിൽ നിരവധി പുസ്തകങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗവേഷണം പൂർത്തിയാക്കിയ ഡോ. അനുപമ, സമീപകാലത്ത് വിജയകരമായി ആർട്ടിക് ഗവേഷണവും പൂർത്തീകരിച്ചിരുന്നു.
കരിയർ മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ കണ്ടുപിടുത്തത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

