അമേരിക്കയിലെ ഫ്ലോറിഡയിൽ മുതലകളുടെ ആക്രമണം മൂലം ജനങ്ങൾ ഭീതിയിൽ കഴിയുമ്പോഴും, സോഷ്യൽ മീഡിയയിൽ ലൈക്കുകളും കാഴ്ചക്കാരെയും വർധിപ്പിക്കാൻ അപകടകരമായ സാഹസികതയുമായി ഇൻഫ്ലുവൻസർമാർ. സിൽവർ സ്പ്രിങ്സ് സ്റ്റേറ്റ് പാർക്കിൽ 31 വയസ്സുള്ള യുവതി മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഇത്തരം ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തികൾ പുറത്തുവരുന്നത്.
ഗ്ലാസ് കൊണ്ട് നിർമ്മിച്ച ചെറിയ വള്ളത്തിൽ നദിയിലൂടെ സഞ്ചരിച്ച ഇൻഫ്ലുവൻസർമാർ, ഭീമാകാരനായ മുതലയുടെ അടുത്തെത്തി അതിനെ തൊട്ടുതലോടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വീഡിയോ നീക്കം ചെയ്യും മുൻപ് ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്.
സമാനമായ മറ്റൊരു സംഭവത്തിൽ, ഒരു ആൺകുട്ടിയുടെ കൈ മുതല കടിച്ച് പറിച്ചതും സമീപകാലത്താണ്. അപകടകരമായ ഇത്തരം പ്രവണതകൾക്കെതിരെ വന്യജീവി ഫോട്ടോഗ്രാഫർമാരും പരിസ്ഥിതി പ്രവർത്തകരും ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
വന്യമൃഗങ്ങളെ ഇത്തരം ഇടപെടലുകളിലൂടെ മനുഷ്യരുമായി അടുപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മനുഷ്യരെ ഭയപ്പെടാതെ വളരുന്ന വന്യമൃഗങ്ങൾ പിന്നീട് ജനവാസ മേഖലകളിൽ ഇറങ്ങി ആക്രമണങ്ങൾ നടത്താൻ ഇത് കാരണമാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ജീവൻ പണയം വെച്ചുള്ള ഇത്തരം പ്രകടനങ്ങൾക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

