പാകിസ്ഥാന്റെ പടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാൻ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടതായി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം. റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ എന്ന പേരിൽ പുതിയ ഭരണസംവിധാനം നിലവിൽ വന്നുവെന്നും, മേഖലയുടെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്നുമാണ് വിഘടനവാദി ഗ്രൂപ്പുകളുടെ അവകാശവാദം.
13 ജൂലൈ 2026-ൽ പുറത്തുവന്ന പ്രസ്താവന പ്രകാരം, പുതിയ ഭരണകൂടം സ്വന്തം ദേശീയ പതാകയും ഗാനവും കറൻസിയും ഭരണസംവിധാനവും രൂപീകരിച്ചുകഴിഞ്ഞു. “Ma Chukain Balochani,” എന്നാണ് ദേശീയഗാനത്തിന്റെ പേര്.
അന്താരാഷ്ട്ര സമൂഹം തങ്ങളെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്നും, ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള ആഗോള സംഘടനകളുടെ പിന്തുണ ലഭ്യമാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. എന്നാൽ, പാകിസ്ഥാൻ സർക്കാരോ മറ്റ് അന്താരാഷ്ട്ര ഏജൻസികളോ ഈ പ്രഖ്യാപനത്തെ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ ബലൂചിസ്ഥാനിൽ ചെമ്പ്, സ്വർണം, കൽക്കരി, പ്രകൃതിവാതകം എന്നിവയുടെ വൻ നിക്ഷേപമാണുള്ളത്. കൂടാതെ, ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ (CPEC) ഭാഗമായ തന്ത്രപ്രധാനമായ ഗ്വാദർ തുറമുഖം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.
ഈ ഭൗമരാഷ്ട്രീയ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, പ്രദേശത്തെ രാഷ്ട്രീയ അസ്ഥിരത ദക്ഷിണേഷ്യൻ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ബലൂചിസ്ഥാനിൽ പതിറ്റാണ്ടുകളായി തുടർന്നുപോരുന്ന വിഘടനവാദി പ്രസ്ഥാനങ്ങളും പാകിസ്ഥാൻ സുരക്ഷാസേനയും തമ്മിലുള്ള സംഘർഷങ്ങൾ സമീപകാലത്ത് രൂക്ഷമായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൃത്യനിർവഹണത്തിന് ഭയമുള്ള പ്രദേശങ്ങളിൽ സൈനിക വേഷം ധരിപ്പിച്ച ഡമ്മി പ്രതിമകൾ സ്ഥാപിക്കുന്നതുപോലെയുള്ള വിചിത്രമായ രീതികൾ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും, നിലവിൽ പ്രചരിക്കുന്ന സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഔദ്യോഗികമായ ഒന്നായി കാണാൻ കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

