കാക്കനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മോട്ടർ വാഹന വകുപ്പിന്റെ ഗതാഗത നിയമലംഘന ക്യാമറകൾ വീണ്ടും പ്രവർത്തനക്ഷമമായി. കുടിശ്ശികയെത്തുടർന്ന് ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിക്കപ്പെട്ടതിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദൃശ്യങ്ങൾ അയക്കുന്ന നടപടി ഇന്നലെ മുതൽ പുനരാരംഭിച്ചു.
നിലവിൽ നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ കലക്ടറേറ്റിലെ ആർടിഒ കൺട്രോൾ റൂമിലേക്ക് തത്സമയം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ജൂലൈ 29 മുതൽ ജില്ലയിലെ റോഡുകളിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിൽ നിന്നുള്ള വിവരങ്ങൾ കൺട്രോൾ റൂമിലേക്ക് ലഭിക്കുന്നതിൽ തടസ്സം നേരിട്ടിരുന്നു.
ക്യാമറകളുടെ പരിപാലന ചുമതലയുള്ള കെൽട്രോൺ നൽകാനുള്ള കുടിശ്ശികയുടെ പേരിൽ ജിയോ കമ്പനി ഇന്റർനെറ്റ് സേവനം തടസ്സപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. സർക്കാർ തലത്തിൽ നിന്ന് കെൽട്രോണിന് ലഭിക്കേണ്ട
ഫണ്ട് വൈകിയതാണ് ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചത്. തുടർന്ന് കെൽട്രോൺ സ്വന്തം നിലയ്ക്ക് തുക കണ്ടെത്തി കുടിശ്ശിക തീർത്തതോടെയാണ് ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കപ്പെട്ടത്.
ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ട കാലയളവിലും ക്യാമറകൾ നിയമലംഘനങ്ങൾ പകർത്തുന്നുണ്ടായിരുന്നു.
ഏകദേശം രണ്ടാഴ്ചയോളം ഇത്തരത്തിൽ ശേഖരിച്ച ഇരുപതിനായിരത്തോളം നിയമലംഘനങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ കൺട്രോൾ റൂമിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ വിവിധ പാതകളിലായി 63 ക്യാമറകളാണ് മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ചിട്ടുള്ളത്.
ഇതിൽ 11 ക്യാമറകൾ വിവിധ കാരണങ്ങളാൽ തകരാറിലാണ്. നിലവിൽ 52 ക്യാമറകളാണ് പ്രവർത്തനക്ഷമമായി നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നത്.
പ്രതിമാസം ശരാശരി 35,000 മുതൽ 40,000 വരെ നിയമലംഘനങ്ങളാണ് ക്യാമറകൾ വഴി കണ്ടെത്തുന്നത്. ഈ സംവിധാനം നിലവിൽ വന്ന ശേഷം ഇതുവരെ വാഹന ഉടമകൾക്ക് 80.50 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്.
ഇതിൽ 30 കോടിയോളം രൂപ ഇതുവരെ സർക്കാരിലേക്ക് പിരിച്ചെടുക്കാൻ സാധിച്ചു. കൺട്രോൾ റൂമിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി കെൽട്രോണിന്റെ 10 ജീവനക്കാരാണ് നിലവിൽ സേവനം അനുഷ്ഠിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

