രാജ്യത്തെ സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വിദഗ്ധ സമിതി സമർപ്പിച്ച ശുപാർശകൾ അംഗീകരിച്ചുകൊണ്ട്, കോടതിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇത് രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ ബോധിപ്പിച്ചു.
ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങുന്ന ബെഞ്ചിന് മുൻപാകെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. വിഷയത്തിൽ വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയെങ്കിലും പല സംസ്ഥാനങ്ങളിൽ നിന്നും പ്രതികരണങ്ങൾ ലഭിച്ചിട്ടില്ലെന്ന് സർക്കാർ അറിയിച്ചു.
എന്നിരുന്നാലും, കോടതിയുടെ നിർദേശപ്രകാരം പദ്ധതി നടപ്പിലാക്കാൻ സർക്കാർ തയ്യാറാണ്. 26 അംഗ വിദഗ്ധ സമിതി സമർപ്പിച്ച ശുപാർശകളാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.
ഇതിന്റെ ഭാഗമായി ലൈംഗിക വിദ്യാഭ്യാസം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ എന്നിവ പാഠ്യപദ്ധതിയുടെ അവിഭാജ്യ ഘടകമാകും. പ്രായത്തിനനുസൃതമായ ആരോഗ്യ വിദ്യാഭ്യാസം, കൺസന്റ് അഥവാ സമ്മതം, വ്യക്തിഗത സുരക്ഷ, നല്ലതും മോശവുമായ സ്പർശനങ്ങൾ തിരിച്ചറിയൽ, ശരീരത്തെക്കുറിച്ചുള്ള ശാസ്ത്രീയ അറിവ്, ശുചിത്വം, കൗമാരകാലത്തെ ശാരീരിക-മാനസിക മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇതിൽ ഉൾപ്പെടും.
പദ്ധതി നടപ്പിലാക്കുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരെ നിയമിക്കും. ആഴ്ചയിൽ രണ്ടുതവണ, 15 മുതൽ 20 മിനിറ്റ് വരെ നീളുന്ന പ്രത്യേക ക്ലാസുകൾ വിദ്യാർത്ഥികൾക്കായി നിർബന്ധമാക്കും.
കൂടാതെ, കുട്ടികളുടെ വളർച്ചയിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം നൽകുന്നതിനായി രക്ഷിതാക്കൾക്കായി പ്രത്യേക ബോധവൽക്കരണ സെഷനുകളും സംഘടിപ്പിക്കാൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

