സംസ്ഥാനത്ത് സ്കൂൾ, കോളജ് വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ വ്യാപക നിയമലംഘനങ്ങൾ കണ്ടെത്തി. ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ എറണാകുളം റേഞ്ചിലെ വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 29 ഡ്രൈവർമാർക്കെതിരെയാണ് കേസെടുത്തത്.
ഡിഐജി യതീഷ് ചന്ദ്രയുടെ പ്രത്യേക നിർദേശപ്രകാരം എറണാകുളം റൂറൽ, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി ആകെ 1,231 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 3,333 ഡ്രൈവർമാരെയാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിൽ കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങളും ഉൾപ്പെടും.
ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിച്ചാൽ:
– എറണാകുളം റൂറൽ: 373 സ്കൂളുകളിലെ 1,162 ഡ്രൈവർമാരിൽ 7 പേർ.
– ആലപ്പുഴ: 244 സ്കൂളുകളിലെ 634 ഡ്രൈവർമാരിൽ 9 പേർ.
– കോട്ടയം: 311 സ്കൂളുകളിലെ 688 ഡ്രൈവർമാരിൽ 6 പേർ.
– ഇടുക്കി: 303 സ്കൂളുകളിലെ 849 ഡ്രൈവർമാരിൽ 7 പേർ എന്നിങ്ങനെയാണ് നിയമവിരുദ്ധമായി മദ്യപിച്ചെത്തിയ ഡ്രൈവർമാരുടെ എണ്ണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾ ഓടിക്കുന്നവരുടെ ശാരീരിക ക്ഷമത, തൊഴിൽ യോഗ്യത, രേഖകളുടെ കൃത്യത എന്നിവ ഉറപ്പുവരുത്തേണ്ടത് സ്കൂൾ മാനേജ്മെന്റുകളുടെയും ഉടമകളുടെയും ഉത്തരവാദിത്തമാണെന്ന് പൊലീസ് കർശനമായി ഓർമ്മിപ്പിച്ചു.
കാക്കനാട് കേന്ദ്രീകരിച്ച് പരിശോധന
മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പ്രത്യേക പരിശോധനയിൽ 160 സ്കൂൾ വാഹനങ്ങൾ പരിശോധിക്കുകയും നിയമലംഘനം നടത്തിയ 8 വാഹനങ്ങൾക്കും ഡ്രൈവർമാർക്കുമെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ചില സ്കൂൾ ബസുകളിൽ നിന്ന് വേഗപ്പൂട്ട് (സ്പീഡ് ഗവർണർ) നീക്കം ചെയ്തതായും, മൊബൈൽ ഫോൺ ഉപയോഗിച്ചും സീറ്റ് ബെൽറ്റ് ധരിക്കാതെയും വാഹനം ഓടിക്കുന്നതായും കണ്ടെത്തി.
ഫസ്റ്റ് എയ്ഡ് കിറ്റുകളുടെ അഭാവവും ഡ്രൈവർമാർ യൂണിഫോം ധരിക്കാത്തതും പരിശോധനയിൽ ശ്രദ്ധയിൽപ്പെട്ടു. 6 സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിൽ, നിയമലംഘനം കണ്ടെത്തിയ വാഹനങ്ങൾ കുട്ടികളെ സ്കൂളിലെത്തിച്ച ശേഷം പിടിച്ചെടുത്തു.
ചെറിയ വീഴ്ചകൾ വരുത്തിയ വാഹനങ്ങൾക്ക് കർശന താക്കീതും നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

