ചടയമംഗലം നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ സിപിഐ-സിപിഎം പ്രവർത്തകർക്കിടയിൽ ചേരിതിരിവും തർക്കവും രൂക്ഷമാകുന്നു. ഇരു പാർട്ടികളും തമ്മിലുള്ള ആഭ്യന്തര രാഷ്ട്രീയ പോരാട്ടം പ്രവർത്തകരെ സ്വന്തം പാളയത്തിലേക്ക് കൊണ്ടുവരുന്നതിനായുള്ള മത്സരമായി മാറിയിരിക്കുകയാണ്.
ഏറ്റവും ഒടുവിലായി തുടയന്നൂർ മേഖലയിൽ നിന്ന് സിപിഐ ബ്രാഞ്ച് സെക്രട്ടറിയടക്കം 20 പേർ സിപിഎമ്മിൽ ചേർന്നതായി പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാൽ, ഈ വാർത്ത അടിസ്ഥാനരഹിതമാണെന്നും സിപിഎം വ്യാജ പ്രചാരണം നടത്തുകയാണെന്നുമാണ് സിപിഐയുടെ നിലപാട്.
പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തവരെ മാലയിട്ട് സ്വീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് തുടയന്നൂർ ലോക്കൽ സെക്രട്ടറി ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മണ്ഡലത്തിലുണ്ടായ ചേരിതിരിവ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഇതിനെത്തുടർന്ന് ജില്ലാ കൗൺസിൽ മുൻ അംഗം ജെ.സി.അനിൽ ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ടത് വലിയ തിരിച്ചടിയായി മാറിയിരുന്നു. തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയുടെ പരാജയത്തിന് ഇത്തരം ചേരിതിരിവുകൾ കാരണമായതായി വിമർശനങ്ങൾ ഉയർന്നിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ സിപിഐയുടെ മുൻ കടയ്ക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വടക്കേവയൽ വാർഡിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ട സിപിഐ സ്ഥാനാർഥി, ചിതറയിലെ വനിതാ ലോക്കൽ കമ്മിറ്റി അംഗം എന്നിവർ സിപിഎമ്മിലേക്ക് മാറിയിരുന്നു.
പാർട്ടി നിയന്ത്രണത്തിലുള്ള സ്കൂളിന്റെ പ്രവർത്തനങ്ങളിലും ഈ രാഷ്ട്രീയ മാറ്റങ്ങൾ പ്രതിഫലിച്ചിട്ടുണ്ട്. സ്കൂൾ ട്രസ്റ്റ് സെക്രട്ടറിയായിരുന്ന പി.
പ്രതാപൻ സിപിഎമ്മിൽ ചേർന്നതിനെ തുടർന്ന് സിപിഐ ജില്ലാ അസി. സെക്രട്ടറി സാം കെ.ഡാനിയേൽ സെക്രട്ടറിയായി ചുമതലയേറ്റു.
എന്നാൽ പി. പ്രതാപൻ ഇപ്പോഴും ട്രസ്റ്റ് അംഗമായി തുടരുന്നുണ്ട്.
അതുപോലെ, പാർട്ടി വിട്ടുപോയ ജെ.സി.അനിൽ, കണ്ണങ്കോട് സുധാകരൻ എന്നിവരും സ്കൂൾ ട്രസ്റ്റിലെ അംഗങ്ങളായി തുടരുന്നു എന്നതും ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

