അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കാതെ ചാലിങ്കാൽ ടോൾ പ്ലാസ പ്രവർത്തനസജ്ജമാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പുല്ലൂർ പെരിയ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജനകീയ കർമസമിതിക്ക് രൂപം നൽകി. പദ്ധതി പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്താതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
സമരത്തിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് ടോൾ പ്ലാസയ്ക്ക് സമീപം വിപുലമായ സമരപ്രഖ്യാപന കൺവൻഷൻ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഇതിനു മുന്നോടിയായി ജൂലൈ 20-നകം ദേശീയപാത കടന്നുപോകുന്ന പഞ്ചായത്തിലെ ഏഴ് പ്രധാന കേന്ദ്രങ്ങളിൽ ജനകീയ യോഗങ്ങൾ ചേരും.
അധികൃതരിൽ നിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരമുൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് കർമസമിതിയുടെ തീരുമാനം. കഴിഞ്ഞ മാസം 20-ന് പഞ്ചായത്ത് അംഗങ്ങൾ ടോൾ പ്ലാസയ്ക്ക് സമീപം പ്രതിഷേധ സമരം നടത്തിയിരുന്നു.
പ്രദേശത്തെ ഗുരുതരമായ യാത്രാദുരിതവും വെള്ളക്കെട്ട് പ്രശ്നവും യോഗത്തിൽ ചർച്ചയായി. നിർമാണം പുരോഗമിക്കുമ്പോഴും പടിഞ്ഞാറുഭാഗത്ത് സർവീസ് റോഡിന്റെയും ഓവുചാലിന്റെയും പ്രവൃത്തികൾ ഇതുവരെ തുടങ്ങിയിട്ടില്ല.
ഇതിനാൽ ചാലിങ്കാൽ മൊട്ടയിൽ നിന്നുള്ള മഴവെള്ളം തണ്ണോട്ട് റോഡിലൂടെ കുത്തിയൊഴുകുകയും വീടുകളിലേക്ക് കയറുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. കുണിയ മുതൽ പുല്ലൂർപാലം വരെ നീളുന്ന ഈ ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നും രാവണീശ്വരം–ചാലിങ്കാൽ ജില്ലാ പഞ്ചായത്ത് റോഡിൽ നിന്ന് ദേശീയപാതയിലേക്കുള്ള പ്രവേശന സൗകര്യം ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
പുല്ലൂർ തോട്ടിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സബിതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് എം.കെ.ബാബുരാജ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നാരായണൻ മാടിക്കാൽ, സിന്ധു പത്മനാഭൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പെരിയ യൂണിറ്റ് പ്രസിഡന്റ് ഇ.നാരായണൻ, എം.വി.പത്മനാഭൻ, ഭാസ്കരൻ ചാലിങ്കാൽ, ഷാജി എടമുണ്ട, അബ്ദുല്ല ഷാഫി, അബ്ദുൽ ലത്തീഫ് പെരിയ, അനിൽ പുളിക്കാൽ, വി.നിധീഷ് തുടങ്ങിയവർ സംസാരിച്ചു.
കർമസമിതി ഭാരവാഹികളായി രാജ്മോഹൻ ഉണ്ണിത്താൻ എംപി, കെ.നീലകണ്ഠൻ എംഎൽഎ, ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ എന്നിവരെ രക്ഷാധികാരികളായും സി.കെ.സബിതയെ ചെയർപേഴ്സണായും എം.കെ.ബാബുരാജിനെ കൺവീനറായും തിരഞ്ഞെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

