പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതിനെത്തുടർന്ന് സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധികൾ പഠിക്കുന്നതിനായി ഗതാഗത വകുപ്പ് അഞ്ചംഗ സമിതിയെ നിയോഗിച്ചു. മുൻ ഡിജിപി കെ.പത്മകുമാർ അധ്യക്ഷനായ സമിതി 45 ദിവസത്തിനകം പഠനം പൂർത്തിയാക്കി സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കുമെന്ന് മന്ത്രി സി.പി.ജോൺ ബസുടമകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം അറിയിച്ചു.
സ്വകാര്യ ബസുകളുടെ വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി, കേന്ദ്ര ചട്ടങ്ങൾക്ക് വിധേയമായി ബസുകൾക്കുള്ളിലും പുറത്തും പരസ്യങ്ങൾ അനുവദിക്കാനും, കുറിയർ, പാഴ്സൽ സർവീസുകൾ ആരംഭിക്കാനും സർക്കാർ അനുമതി നൽകും. നിലവിലെ സാഹചര്യത്തിൽ സമഗ്രമായ പുതിയ ഗതാഗതനയം രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ പരിഗണിച്ച് റോഡ് നികുതിയിൽ ഇളവ് നൽകുന്നതിനൊപ്പം, നികുതി മാസടിസ്ഥാനത്തിൽ അടയ്ക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തും. കാലഹരണപ്പെട്ട
റണ്ണിങ് ടൈം പുനഃപരിശോധിക്കണമെന്ന ബസുടമകളുടെ പരാതി ഗൗരവമായി കാണുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. ഇതിന്റെ ഭാഗമായി മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ റൂട്ടുകൾ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കും.
ആർടിഒ ഓഫിസുകളുടെ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കും. പ്രവർത്തനങ്ങളിലെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി, അനാവശ്യമായി ബസുകൾ പിടിച്ചെടുക്കുന്നത് ഒഴിവാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ബസ് സർവീസുകളെ ഒരു വ്യവസായമായി അംഗീകരിക്കുന്ന കാര്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കും. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലം ബസുടമകൾക്കുണ്ടായ നഷ്ടം നികത്തുന്നതുമായി ബന്ധപ്പെട്ട് അവർ മുന്നോട്ടുവെച്ച നിർദേശങ്ങൾ സർക്കാർ പരിശോധിച്ചുവരികയാണ്.
ചർച്ചകൾ ഫലപ്രദമായ സാഹചര്യത്തിൽ, നിലവിൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം ഉണ്ടാകില്ലെന്ന് ബസുടമകൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

