നെന്മാറ ബോയൻ കോളനിയിൽ ഭീതി വിതച്ച ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഭാരതീയ ന്യായ സംഹിത 103-ാം വകുപ്പ് പ്രകാരമുള്ള കൊലക്കുറ്റമാണ് പ്രതിക്കെതിരെ തെളിഞ്ഞിരിക്കുന്നത്.
വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിതെന്ന് കോടതി വ്യക്തമാക്കിയപ്പോൾ, കോടതി മുറിയിലും മാധ്യമങ്ങൾക്ക് മുന്നിലും അത്യന്തം പ്രകോപനപരമായ രീതിയിലായിരുന്നു പ്രതിയുടെ പ്രതികരണം. “വേണമെങ്കിൽ തൂക്കിക്കൊന്നോളൂ” എന്ന് കോടതിയെ നോക്കി വെല്ലുവിളിച്ച പ്രതി, താൻ ഗാന്ധിജിയല്ലെന്നും ഒരു ചെകിടത്ത് അടിയേറ്റാൽ മറ്റേത് കാണിച്ചുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പരിഹസിച്ചു.
തനിക്ക് തടസ്സം നിൽക്കുന്നവരോട് ഇതായിരിക്കും രീതിയെന്നും, “എന്റെ അവസ്ഥ നിങ്ങൾക്ക് വരണം, അപ്പോൾ മനസ്സിലാകും. ഇനിയും മറ്റുള്ളവരെ അപായപ്പെടുത്തേണ്ടി വന്നാൽ കൊല്ലും” എന്നും പ്രതി ഭീഷണി മുഴക്കി.
വിധി പറയുന്ന സമയത്ത് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളായ അതുല്യയും അഖിലയും കോടതിയിൽ സന്നിഹിതരായിരുന്നു.
പ്രതിയുടെ വാക്കുകൾ മാധ്യമങ്ങളോടുള്ള വെറുപ്പാണെന്നാണ് പ്രതിഭാഗം അഭിഭാഷകൻ വാദിക്കുന്നത്. ചെന്താമര നടത്തിയ കൊലപാതക പരമ്പരകൾ നെന്മാറ ബോയൻ കോളനിയിലെ സാധാരണക്കാരുടെ ജീവിതം തകർത്തിരിക്കുകയാണ്.
2019-ൽ അയൽവാസിയായ സജിതയെ കൊലപ്പെടുത്തിയ പ്രതി, 2025 ജനുവരി 27-നാണ് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും നടുറോഡിൽ വെട്ടിക്കൊന്നത്. ഇതോടെ ഭയം കാരണം പുഷ്പ ഉൾപ്പെടെയുള്ള നിരവധി പേർ നാടുവിട്ടുപോയി.
പ്രദേശത്തെ പല വീടുകളും ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. പ്രോസിക്യൂഷൻ സമർപ്പിച്ച ശക്തമായ ശാസ്ത്രീയ തെളിവുകൾ പ്രതിക്ക് തിരിച്ചടിയായിരിക്കുകയാണ്.
കേസ് ‘അപൂർവ്വങ്ങളിൽ അപൂർവ്വമായ’ ഒന്നാണെന്ന് ചൂണ്ടിക്കാട്ടി പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരകളുടെ കുടുംബം. കേസിൽ ബുധനാഴ്ച കോടതി അന്തിമ ശിക്ഷാവിധി പ്രഖ്യാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

