കുംഭമേള വൈറൽ വീഡിയോയുമായി ബന്ധപ്പെട്ട് വിവാദത്തിലായ ദമ്പതികൾക്ക് മധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്ന് നിർണായക ആശ്വാസം. ദമ്പതികൾക്കെതിരെ പോലീസ് സ്വീകരിക്കുന്ന തുടർനടപടികൾക്ക് കോടതി സ്റ്റേ ഏർപ്പെടുത്തി.
വരും രണ്ടാഴ്ചത്തേക്ക് കടുത്ത നടപടികൾ പാടില്ലെന്ന് ഹൈക്കോടതി കർശന നിർദേശം നൽകി. തങ്ങൾക്കെതിരെ പോലീസ് എടുത്തിട്ടുള്ള നടപടികൾ ചോദ്യം ചെയ്തുകൊണ്ട് ദമ്പതികൾ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഇടപെടൽ.
ഈ വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ മധ്യപ്രദേശ് സർക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഈ മാസം അവസാനമായിരിക്കും കോടതി വീണ്ടും പരിഗണിക്കുക.
നേരത്തെ, ഭർത്താവിന്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. പെൺകുട്ടിക്ക് നൽകിയിരുന്ന പോലീസ് സംരക്ഷണവും കോടതി പിൻവലിക്കുകയുണ്ടായി.
പെൺകുട്ടിയെ കണ്ടെത്താനോ നൽകിയിരിക്കുന്ന മേൽവിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാനോ സാധിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു. തുടർന്ന് പെൺകുട്ടി ആവശ്യപ്പെട്ടാൽ മാത്രം സംരക്ഷണം നൽകാൻ പോലീസിന് നിർദേശം നൽകി കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.
വിവാഹവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പോലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശിലെ കീഴ്കോടതി തള്ളുകയുണ്ടായി.
ഇതിനു പിന്നാലെയാണ് ദമ്പതികൾ കേരള ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അധികാരപരിധിക്ക് പുറത്തുള്ള വിഷയമാണെന്നും അറസ്റ്റ് തടയാനാകില്ലെന്നും വ്യക്തമാക്കിയ കേരള ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

