മധ്യപൂർവേഷ്യയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യത്തിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷാ ചുമതല അമേരിക്ക ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഈ പാതയിലൂടെ സഞ്ചരിക്കുന്ന ചരക്കുകപ്പലുകളിൽ നിന്ന് 20 ശതമാനം ടോൾ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തന്റെ നിലപാട് ലോകത്തെ അറിയിച്ചത്. ദീർഘകാലമായി ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നത് അമേരിക്കയാണെന്നും എന്നാൽ ഇതിന് അർഹമായ പ്രതിഫലം ലഭിച്ചിട്ടില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ഇനി മുതൽ ഹോർമുസ് കടലിടുക്കിന്റെ ‘രക്ഷാധികാരി’ എന്ന നിലയിൽ പ്രവർത്തിക്കുമെന്നും, സുരക്ഷാ ചെലവുകൾ കണ്ടെത്താൻ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ ഈ പ്രസ്താവനയ്ക്കെതിരെ ഇറാൻ ശക്തമായി രംഗത്തെത്തി.
അന്താരാഷ്ട്ര നിയമങ്ങൾക്കും മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരത്തിനും വിരുദ്ധമാണ് അമേരിക്കയുടെ നീക്കമെന്ന് ഇറാൻ ഭരണകൂടം പ്രതികരിച്ചു. വിദേശ ഇടപെടലുകൾ ഈ സമുദ്രപാതയിൽ അനുവദിക്കില്ലെന്നും ഇറാൻ നിലപാടിലുറച്ചു നിൽക്കുന്നു.
നേരത്തെ, ഒമാനുമായി ചേർന്ന് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും ചുങ്കം ഏർപ്പെടുത്തുമെന്നും ഇറാൻ അറിയിച്ചിരുന്നു. ലോകത്തെ എണ്ണക്കയറ്റുമതിയുടെ വലിയൊരു ഭാഗം കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്.
അതിനാൽ ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയിൽ വർധനവുണ്ടായി. പാകിസ്ഥാന്റെ നേതൃത്വത്തിലുള്ള വെടിനിർത്തൽ കരാർ ഇറാൻ ലംഘിച്ചെന്ന് ആരോപിച്ച് ഇരുരാജ്യങ്ങളും തമ്മിൽ വാക്പോരുകൾ തുടരുന്നതിനിടയിലാണ് ഈ പുതിയ വെല്ലുവിളി.
മേഖലയിൽ അമേരിക്ക ഏകപക്ഷീയമായി നടപടികൾ സ്വീകരിക്കുന്നത് സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സമുദ്രഗതാഗത സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന നിലപാടിൽ അമേരിക്ക ഉറച്ചുനിൽക്കുമ്പോൾ, സൈനിക സാന്നിധ്യം വർധിക്കുമോയെന്ന ആശങ്കയും ആഗോളതലത്തിൽ ഉയർന്നിട്ടുണ്ട്.
നയതന്ത്ര തലത്തിൽ പ്രശ്നപരിഹാരത്തിന് സാധ്യതയുണ്ടോയെന്നാണ് അന്താരാഷ്ട്ര സമൂഹം ഇപ്പോൾ ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

