സ്വർണ്ണപ്പണയ ബിസിനസ് മേഖലയിലേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന യോഗക്ഷേമം ലോൺസ് ലിമിറ്റഡ് (യോഗ്ലോൺസ്) എന്ന പ്രമുഖ ധനകാര്യ സ്ഥാപനത്തെ ഏറ്റെടുത്തുകൊണ്ടുള്ള സുപ്രധാന തീരുമാനമാണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ ക്യാപിറ്റൽ ലിമിറ്റഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ നീക്കത്തിലൂടെ ആദ്യമായാണ് ടാറ്റ ക്യാപിറ്റൽ സ്വർണ്ണപ്പണയ വായ്പാ രംഗത്തേക്ക് നേരിട്ട് പ്രവേശിക്കുന്നത്. കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗീകരിച്ച തീരുമാനപ്രകാരം, യോഗക്ഷേമം ലോൺസ് ലിമിറ്റഡിന്റെ 88.6% ഓഹരികൾ ടാറ്റ ക്യാപിറ്റൽ സ്വന്തമാക്കും.
ഇതിനായി നിലവിലെ ഓഹരി ഉടമകളിൽ നിന്ന് ഓഹരികൾ വാങ്ങുന്നതിന് പുറമെ, കമ്പനിയുടെ തുടർ വികസന പ്രവർത്തനങ്ങൾക്കായി 93 കോടി രൂപയുടെ അധിക നിക്ഷേപം കൂടി ടാറ്റ ലഭ്യമാക്കും. 318 കോടി രൂപയുടെ പ്രീ മണി ഇക്വിറ്റി വാല്യൂവേഷൻ അടിസ്ഥാനമാക്കി പൂർണ്ണമായും ക്യാഷ് ഇടപാടിലൂടെയാണ് (ഓൾ ക്യാഷ് ട്രാൻസാക്ഷൻ) ഈ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നത്.
ഏറ്റെടുക്കലിന് ശേഷവും കമ്പനിയുടെ പ്രവർത്തനങ്ങളെ നയിക്കാൻ സിഇഒ ആൻഡ് മാനേജിങ് ഡയറക്ടർ ഐ.ഉണ്ണികൃഷ്ണൻ തന്നെ തുടരുമെന്ന് ടാറ്റ ക്യാപിറ്റൽ ഓഹരി വിപണിയിൽ സമർപ്പിച്ച ഫയലിംഗിൽ വ്യക്തമാക്കുന്നു. ആവശ്യമായ നിയമപരമായ അനുമതികൾ ലഭിക്കുന്ന മുറയ്ക്ക് എട്ടു മാസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനുശേഷം യോഗക്ഷേമം ലോൺസ്, ടാറ്റ ഗ്രൂപ്പിന്റെ ഉപകമ്പനിയായി മാറും. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 162 ശാഖകളാണ് നിലവിൽ ഈ സ്ഥാപനത്തിനുള്ളത്.
ആർബിഐയുടെ എൻബിഎഫ്സി ലൈസൻസുള്ള ഈ സ്ഥാപനം, 2026 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം 708 കോടി രൂപയുടെ കൈകാര്യം ചെയ്യുന്ന ആസ്തികൾ (AUM) കൈവരിച്ചിട്ടുണ്ട്. 1991-ൽ തൃശൂരിലെ അന്തിക്കാട് ‘യോഗക്ഷേമം കുറീസ് ആൻഡ് ലോൺസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിലാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.
തുടർന്ന് 2000-01 സാമ്പത്തിക വർഷത്തിലാണ് റിസർവ് ബാങ്കിന്റെ എൻബിഎഫ്സി ലൈസൻസ് കമ്പനിക്ക് ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

