ആലപ്പുഴ ജില്ലയിലെ എടത്വ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി എസ് സനുക്കുട്ടൻ (30) ആണ് ജീവനൊടുക്കിയത്.
ഗർഭിണിയായിരുന്ന ഭാര്യയുടെ മരണവാർത്ത അറിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവം. രണ്ടുദിവസം മുൻപാണ് സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്മയെ (27) സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
മൂന്നുമാസം ഗർഭിണിയായിരുന്നു ഇവർ. നാലുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.
ഹരീഷ്മയുടെ മരണത്തിന് പിന്നാലെ മാവേലിക്കരയിൽ സംസ്കാര ചടങ്ങുകൾ നടത്തിയിരുന്നു. ഒരു മാസം മുൻപാണ് സനുക്കുട്ടൻ ജോലി ആവശ്യത്തിനായി ദോഹയിലേക്ക് പോയത്.
ഭാര്യയുടെ അപ്രതീക്ഷിത വിയോഗം അറിഞ്ഞ ഉടൻ തന്നെ അദ്ദേഹം നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. ബെംഗളൂരു വഴി നെടുമ്പാശേരിയിൽ എത്തുമെന്നായിരുന്നു ബന്ധുക്കൾക്ക് നൽകിയിരുന്ന വിവരം.
സനുക്കുട്ടനെ സ്വീകരിക്കാൻ സഹോദരനും ബന്ധുക്കളും നെടുമ്പാശേരി വിമാനത്താവളത്തിൽ കാത്തുനിന്നെങ്കിലും അദ്ദേഹം എത്തിയില്ല. തുടർന്ന് ബെംഗളൂരു വിമാനത്താവള അധികൃതരുമായി നടത്തിയ അന്വേഷണത്തിൽ അദ്ദേഹം അവിടെ ഇറങ്ങിയതായി സ്ഥിരീകരിച്ചു.
ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെത്തുടർന്ന് ബന്ധുക്കൾ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷന്റെയും പൊലീസിന്റെയും സഹായം തേടി. ഇതിനിടെ, ലോഡ്ജിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തിയതായി വിവരം ലഭിക്കുകയും, തുടർന്ന് ബന്ധുക്കൾ എത്തി മരിച്ചത് സനുക്കുട്ടനാണെന്ന് തിരിച്ചറിയുകയുമായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക.
ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

