യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കെതിരെ കർശന സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയ യൂറോപ്യൻ യൂണിയൻ, റഷ്യൻ ഇന്ധനത്തെ ആശ്രയിക്കുന്നത് വർധിപ്പിച്ചതായി റിപ്പോർട്ട്. ആർട്ടിക് തീരത്തുള്ള റഷ്യയുടെ പ്രമുഖ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) പ്ലാന്റായ യമാലിൽ നിന്ന് റെക്കോർഡ് അളവിൽ ഇന്ധനം വാങ്ങിയതായാണ് വിപണി ഗവേഷണ സ്ഥാപനമായ കെപ്ലർ പുറത്തുവിട്ട
കണക്കുകൾ വ്യക്തമാക്കുന്നത്. 2026-ലെ ആദ്യപകുതിയിൽ (ജനുവരി-ജൂൺ), മുൻവർഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 18 ശതമാനം വർധനവാണ് റഷ്യൻ എൽഎൻജി ഇറക്കുമതിയിൽ യൂറോപ്യൻ യൂണിയൻ രേഖപ്പെടുത്തിയത്.
ഇതിനായി ഏകദേശം 600 കോടി യൂറോ (ഏകദേശം 65,000 കോടി രൂപ) റഷ്യയ്ക്ക് നൽകിയതായി അർജ്വാൾഡ് എന്ന എൻജിഒയുടെ റിപ്പോർട്ടിൽ പറയുന്നു. റഷ്യൻ ഇന്ധന വിപണിക്ക് മേൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും യൂറോപ്യൻ രാജ്യങ്ങൾ ഇത്തരത്തിൽ വലിയ അളവിൽ ഇറക്കുമതി നടത്തുന്നത് വിരോധാഭാസമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള റഷ്യൻ എൽഎൻജി കയറ്റുമതിയിൽ 74 ശതമാനം ഇടിവുണ്ടായ സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയന്റെ ഈ നീക്കം റഷ്യയ്ക്ക് വലിയൊരു സാമ്പത്തിക സഹായമായി മാറുന്നത്. ഹ്രസ്വകാല കരാറുകൾക്ക് വിലക്കുണ്ടെങ്കിലും ദീർഘകാല കരാറുകളുടെ മറവിൽ റഷ്യൻ ഇന്ധനം വാങ്ങാൻ അംഗരാഷ്ട്രങ്ങൾക്ക് അനുമതിയുണ്ട്.
ഇതനുസരിച്ച് ഫ്രാൻസ് (36 ലക്ഷം ടൺ), ബെൽജിയം (29 ലക്ഷം ടൺ), സ്പെയിൻ (27 ലക്ഷം ടൺ) എന്നിവയാണ് ഏറ്റവും കൂടുതൽ എൽഎൻജി ഇറക്കുമതി ചെയ്തത്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാത്രം യൂറോപ്യൻ യൂണിയൻ വാങ്ങിക്കൂട്ടിയത് 98.9 ലക്ഷം ടൺ എൽഎൻജിയാണ്.
2027 ജനുവരി മുതൽ റഷ്യയുമായുള്ള ദീർഘകാല എൽഎൻജി കരാറുകൾ പൂർണ്ണമായും നിരോധിക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനത്തിന് മുൻപായി പരമാവധി ഇന്ധനം സംഭരിക്കാനുള്ള തിരക്കിലാണ് യൂറോപ്യൻ രാജ്യങ്ങൾ എന്നാണ് വിലയിരുത്തൽ.
2017-ൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഉദ്ഘാടനം ചെയ്ത പ്ലാന്റാണ് യമാൽ. ഇതിനൊപ്പം മറ്റൊരു ശ്രദ്ധേയമായ വിവരം കൂടി പുറത്തുവരുന്നുണ്ട്.
യമാലിൽ നിന്ന് എൽഎൻജിയുമായി എത്തുന്ന കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കായി യൂറോപ്യൻ യൂണിയനിലെ കപ്പൽശാലകളെയാണ് റഷ്യ പ്രധാനമായും ആശ്രയിക്കുന്നത്. പ്രധാനമായും ഫ്രാൻസ്, ഡെന്മാർക്ക് എന്നിവിടങ്ങളിലെ കപ്പൽശാലകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

