പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നു. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് തങ്ങൾ അടച്ചെന്ന ഇറാൻറെ അവകാശവാദം അമേരിക്കൻ സെൻട്രൽ കമാൻഡ് ഔദ്യോഗികമായി നിഷേധിച്ചു.
ഹോർമൂസ് വഴിയുള്ള ഗതാഗതം തടസ്സമില്ലാതെ തുടരുമെന്നും, അന്താരാഷ്ട്ര ജലപാതയുടെ സുരക്ഷ ഉറപ്പുവരുത്താൻ തങ്ങളുടെ നാവികസേന സജ്ജമാണെന്നും അമേരിക്കൻ അധികൃതർ വ്യക്തമാക്കി. എന്നാൽ, കർശന നിലപാടുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്.
തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും ഈ ജലപാതയിലൂടെ കടന്നുപോകാൻ കഴിയില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. “ഒരു ഡസൻ ആണവ ബോംബുകളേക്കാൾ പ്രധാനമാണ് ഹോർമൂസ്” എന്നാണ് ഇറാനിയൻ സേനാ നേതൃത്വം വിഷയത്തെ വിശേഷിപ്പിച്ചത്.
ജി എഫ് എസ് ഗാലക്സി എന്ന കപ്പലിന് നേരെ ഉണ്ടായ ആക്രമണമാണ് നിലവിലെ സംഘർഷങ്ങൾക്ക് വഴിവെച്ചത്. ഈ കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യക്കാരിൽ 10 പേരെ രക്ഷപ്പെടുത്താനായെങ്കിലും ഒരാളെ കാണാതായിട്ടുണ്ട്.
ഈ സംഭവത്തിന് പിന്നാലെ ഇറാനിലെ 140 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കി. മറുപടിയായി ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾ സൗദി അറേബ്യ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കും ജോർദാനിലേക്കും വ്യാപിച്ചു.
ഒമാനിലെ ദുകം തീരത്തുള്ള അമേരിക്കൻ സൈനിക ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ, വിമാന ഇന്ധന സംഭരണശാലകൾ, ഖത്തറിലെ അൽ ഉദൈദ എയർബേസിലെ ഫൈറ്റർ ജെറ്റ് കമാൻഡ് സെന്റർ, ബഹറൈനിലെ അഞ്ചാം കപ്പൽപ്പട താവളം, കുവൈത്തിലെ ആയുധ ഡിപ്പോകൾ, പേട്രിയറ്റ് മിസൈൽ സംവിധാനങ്ങൾ, ജോർദാനിലെ എം ക്യു 9 ഡ്രോൺ ഹാങ്ങർ എന്നിവ ആക്രമണത്തിനിരയായി.
ഖത്തറിലുണ്ടായ ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഏപ്രിലിൽ നിലനിന്നിരുന്ന വെടിനിർത്തൽ ധാരണകൾ തകർന്നതോടെ മേഖല വീണ്ടും യുദ്ധഭീതിയിലാണ്.
ഇരുരാജ്യങ്ങളും പരസ്പരം ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുന്നത് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

