വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ ദാരുണമായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും അടിയന്തര സാമ്പത്തിക സഹായം ഉറപ്പാക്കുമെന്ന് മന്ത്രി ടി സിദ്ദിഖ് അറിയിച്ചു. ദുരന്തത്തിൽ മരണപ്പെട്ട
7 പേരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതവും, കരാർ തൊഴിലാളിയായ അൽമോന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും നിർമ്മാണ കമ്പനി നഷ്ടപരിഹാരമായി കൈമാറും. പരിക്കേറ്റ 9 പേരിൽ 6 പേർക്ക് രണ്ടര ലക്ഷം രൂപ വീതവും, തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന 3 പേർക്ക് രണ്ടര ലക്ഷത്തിൽ കൂടുതൽ തുകയും നൽകാൻ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദുരന്തബാധിത പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് എത്രയും വേഗം നീക്കം ചെയ്യാൻ ദിലീപ് ബിൽഡ് കോൺ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളുകൾ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾക്കായി ഗതാഗതം പുനഃസ്ഥാപിക്കാൻ മീനാക്ഷി പാലം ഉപയോഗിക്കാൻ അനുമതി നൽകി.
എന്നാൽ, പാലത്തിന്റെ സുരക്ഷാ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മണ്ണിടിച്ചിലിൽ കാണാതായ 8 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതോടെ തിരച്ചിൽ പ്രവർത്തനങ്ങൾ അവസാനിച്ചു.
ഇന്ന് നടന്ന വിപുലമായ തിരച്ചിലിൽ ഹിമാചൽ സ്വദേശി വിക്രം റാണയുടെ മൃതദേഹമാണ് അവസാനമായി കണ്ടെത്തിയത്. കെടാവർ നായ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ, അപകടം നടന്ന മീനാക്ഷി പാലത്തിൽ നിന്ന് 150 മീറ്റർ താഴെ പുഴയോരത്തെ ഏലത്തോട്ടത്തിലെ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഇരുമ്പ് പൈപ്പുകൾക്കിടയിൽ നിന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
പ്രദേശത്ത് ഇപ്പോഴും കൂട്ടിയിട്ടിരിക്കുന്ന മണ്ണ് വലിയ ഭീഷണിയായി തുടരുകയാണ്. ഇത് നീക്കം ചെയ്യാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
മണ്ണ് മാറ്റാൻ ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിലെ സാങ്കേതിക തടസ്സങ്ങളും പുഴയിൽ അടിഞ്ഞുകൂടിയ കല്ലും ഇരുമ്പ് അവശിഷ്ടങ്ങളും നീക്കുന്നതും വെല്ലുവിളിയാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

