ഇന്ത്യൻ സംഗീത ശാഖയിൽ പകരം വെക്കാനില്ലാത്ത ശബ്ദമാധുര്യമായിരുന്ന എസ്. ജാനകി വിടവാങ്ങി.
മൈസൂരു മഹാരാജാ കോളജ് ഗ്രൗണ്ടിൽ നടന്ന പൊതുദർശനത്തിന് ശേഷം, പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. കനിയനഹുണ്ഡി ഫാം ഹൗസിൽ വൈകിട്ട് നാലരയോടെയായിരുന്നു ചടങ്ങുകൾ പൂർത്തിയായത്.
കേരള സർക്കാരിനെ പ്രതിനിധീകരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ സംസ്കാര ചടങ്ങിൽ നേരിട്ട് പങ്കെടുത്തു.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ മൈസൂരു അപ്പോളോ ബിജിഎസ് ആശുപത്രിയിൽ വെച്ചായിരുന്നു ഗായികയുടെ അന്ത്യം സംഭവിച്ചത്. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലായി നാല്പ്പത്തിയെണ്ണായിരത്തോളം ഗാനങ്ങൾ ബാക്കിവെച്ചാണ് സംഗീതലോകത്തിന്റെ പ്രിയപ്പെട്ട
‘ജാനകിയമ്മ’ യാത്രയാകുന്നത്. ദക്ഷിണേന്ത്യൻ ഭാഷകൾക്ക് പുറമെ ഹിന്ദി, ബംഗാളി, പഞ്ചാബി, ഒറിയ, ഇംഗ്ലീഷ്, സംസ്കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര, ബഡഗ, സിംഹള, ജർമൻ തുടങ്ങിയ നിരവധി ഭാഷകളിൽ തന്റെ മാന്ത്രിക ശബ്ദം പകർന്നു നൽകാൻ അവർക്ക് സാധിച്ചു.
നാല് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം തേടിയെത്തി. 1981-ൽ ‘ഓപ്പോൾ’ എന്ന ചിത്രത്തിലെ ‘ഏറ്റുമാനൂരമ്പലത്തിൽ’ എന്ന ഗാനത്തിലൂടെയായിരുന്നു ആദ്യ ദേശീയ പുരസ്കാരം.
കൂടാതെ രണ്ട് തമിഴ് ഗാനങ്ങൾക്കും ഒരു തെലുങ്ക് ഗാനത്തിനും അവർക്ക് ദേശീയ അംഗീകാരം ലഭിച്ചു. പതിനൊന്ന് തവണയാണ് കേരള സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം എസ്.
ജാനകിയെ തേടിയെത്തിയത്. 1958-ലായിരുന്നു പരേതനായ വി.
രാമപ്രസാദുമായുള്ള ഇവരുടെ വിവാഹം. 1990-ൽ അദ്ദേഹം അന്തരിച്ചു.
മുരളീകൃഷ്ണയാണ് ഇവരുടെ മകൻ. ഇന്ത്യൻ സിനിമ നിലനിൽക്കുന്നിടത്തോളം കാലം എസ്.
ജാനകിയുടെ ശബ്ദം സംഗീതാസ്വാദകരുടെ മനസ്സിൽ മായാതെ നിൽക്കും.

