ചെങ്ങമനാട് പഞ്ചായത്തിലെ നെടുവന്നൂർ പത്താം വാർഡിൽ വെണ്ണിപ്പറമ്പ് തടായി റോഡരികിലെ സ്വകാര്യ പറമ്പിൽ ആയിരക്കണക്കിന് വവ്വാലുകൾ തമ്പടിച്ചത് പ്രദേശവാസികളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ഏകദേശം മൂന്ന് ഏക്കറോളം വരുന്ന പറമ്പിലെ മരങ്ങളിലാണ് വവ്വാലുകൾ കൂടുകൂട്ടിയിരിക്കുന്നത്.
തുടക്കത്തിൽ ചെറിയ തോതിലുണ്ടായിരുന്ന വവ്വാലുകളുടെ എണ്ണം ഇപ്പോൾ പത്തോളം മരങ്ങളിലായി ആയിരക്കണക്കിന് വവ്വാലുകളായി വർധിച്ചിരിക്കുകയാണ്. രാപ്പകൽ ഭേദമന്യേയുള്ള ഇവയുടെ ശബ്ദകോലാഹലങ്ങളും വിസർജ്യവും മൂലം സമീപവാസികൾ പൊറുതിമുട്ടിയിരിക്കുകയാണ്.
വവ്വാലുകൾ തമ്മിലുള്ള ആക്രമണവും കൃഷിയിടങ്ങളിലും ഫലവൃക്ഷങ്ങൾക്കുണ്ടാകുന്ന നാശവും ജനജീവിതത്തെ ദുസ്സഹമാക്കിയിരിക്കുന്നു. നിലവിൽ നിപ വൈറസ് സംബന്ധിച്ച ആശങ്കകൾ കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ, ഈ പ്രദേശത്തെ ജനങ്ങൾ വലിയൊരു അരക്ഷിതാവസ്ഥയിലാണ് കഴിയുന്നത്.
ഉടമസ്ഥർ വാടകയ്ക്ക് നൽകിയിരിക്കുന്ന ഈ പറമ്പിൽ കാട് പിടിച്ചു കിടക്കുകയാണ്. ശല്യപ്പെടുത്താൻ ആളില്ലാത്തതിനാൽ ഇവിടം വവ്വാലുകൾക്ക് സുരക്ഷിത താവളമായി മാറി.
നൂറുകണക്കിന് കുടുംബങ്ങളാണ് ഈ പറമ്പിന് ചുറ്റുമായി താമസിക്കുന്നത്. ഈ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി നാട്ടുകാർ വിവിധ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
പരാതികളിൽ പല വകുപ്പുകളും ഉത്തരവാദിത്തം ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫിസർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ചൊവ്വാര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർക്ക് സ്ഥല പരിശോധന നടത്താൻ നിർദേശം ലഭിച്ചിരുന്നെങ്കിലും നടപടികളൊന്നും സ്വീകരിച്ചില്ല.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആരോഗ്യ വകുപ്പും വന്യജീവി വകുപ്പും പഞ്ചായത്ത് അധികൃതരും സംയുക്തമായി അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശാസ്ത്രീയമായ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയിൽ പ്രദേശവാസികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

