പാലക്കാട് ആട്ടയാമ്പതിയിലെ ന്യൂ ഉന്നതിയിൽ താമസിച്ചിരുന്ന സരസാളിനെ (66) കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ അയൽവാസി ഉദയകുമാറിന്റെ നീക്കങ്ങൾ അതീവ ആസൂത്രിതമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ കൊഴിഞ്ഞാമ്പാറ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 12-ന് സരസാളിനെ കാണാനില്ലെന്ന് മകൾ ബേബി നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പ്രദേശത്തെ ചില യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പോലീസിന് ലഭിച്ചത്.
തമിഴ്നാട്ടിൽ ജോലി ചെയ്തിരുന്ന ഉദയകുമാർ ഇടവേളകളിൽ മാത്രമാണ് ആട്ടയാമ്പതിയിലെ വീട്ടിൽ എത്തിയിരുന്നത്. സരസാളിന്റെ വീടിനോട് ചേർന്നാണ് പ്രതിയുടെ വീടുള്ളത്.
പകൽ സമയങ്ങളിൽ മിക്കവരും ജോലിക്കു പോകുന്നതിനാൽ ഈ പ്രദേശം വിജനമായിരിക്കുമെന്ന് പ്രതിക്ക് അറിയാമായിരുന്നു. സരസാൾ ധരിച്ചിരുന്ന അരപ്പവനോളം വരുന്ന മൂക്കുത്തികൾ പ്രതി നേരത്തെ തന്നെ ലക്ഷ്യമിട്ടിരുന്നു.
സംഭവദിവസമായ കഴിഞ്ഞ മാസം 10-ന് രാവിലെ 11 മണിയോടെയാണ് കൊലപാതകം നടന്നത്. സാരിയുടെ പണം ചോദിക്കാനായി സരസാൾ പ്രതിയുടെ വീട്ടിലെത്തിയതായിരുന്നു.
വീടിന്റെ സ്റ്റെപ്പിൽ ഇരിക്കുകയായിരുന്ന വയോധികയെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം വെട്ടുകത്തിയുടെ മൂർച്ചയില്ലാത്ത വശം ഉപയോഗിച്ച് കഴുത്തിന് പിന്നിൽ ആവർത്തിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹം വീടിന്റെ മുൻപിലുണ്ടായിരുന്ന കുളിമുറിയിലെ ഡ്രമ്മിൽ ഇട്ട് പ്രതി കത്തിച്ചു.
തുടർന്ന് പകുതി കത്തിയ തലയോട്ടി അടക്കമുള്ള ശരീരഭാഗങ്ങൾ ചാക്കിലാക്കി വീടിന്റെ പിൻവശത്ത് കുഴിച്ചിടുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ പോലീസ്, കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും ശരീരഭാഗങ്ങളും കണ്ടെടുത്തു.
കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

