കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവർത്തനം നടത്തുന്ന ഓൺലൈൻ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളുടെയും ഡിജിറ്റൽ ഉൽപ്പന്ന പ്രദർശന പ്ലാറ്റ്ഫോമുകളുടെയും പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനായി വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൊവിധി ചരിത്രപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചു. ആപ്പുകളും റെസ്റ്റോറന്റുകൾ, കഫേകൾ തുടങ്ങിയ ഭക്ഷണശാലകളും തമ്മിലുള്ള വ്യാപാര ഇടപാടുകളിലെ അസന്തുലിതാവസ്ഥ പരിഹരിക്കുക എന്നതാണ് ഈ പുതിയ സർക്കാർ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.
നിലവിൽ ഈ ആപ്പുകൾ വിപണിയിൽ വലിയൊരു കുത്തകയായി മാറിയെന്ന് മന്ത്രാലയം വിലയിരുത്തുന്നു. ചെറുകിട-ഇടത്തരം ബിസിനസ്സ് ഉടമകൾക്ക് തങ്ങളുടെ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനായി ഈ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഇതിന്റെ മറവിൽ ആപ്പുകൾ അടിച്ചേൽപ്പിക്കുന്ന കർശനമായ നിബന്ധനകൾക്ക് വഴങ്ങാൻ ചെറുകിട വ്യാപാരികൾ നിർബന്ധിതരാകുകയാണ്.
പ്രമുഖ ഡെലിവറി ആപ്പുകൾ ഈടാക്കുന്ന ഉയർന്ന കമ്മീഷൻ നിരക്കുകളും അധിക ഫീസുകളും റെസ്റ്റോറന്റുകളുടെ ലാഭവിഹിതത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സാമ്പത്തിക ചൂഷണം മൂലം രാജ്യത്തെ നിരവധി ചെറുകിട
ഭക്ഷണശാലകൾ കടുത്ത പ്രതിസന്ധിയിലാവുകയും അടച്ചുപൂട്ടലിന്റെ വക്കിലെത്തുകയും ചെയ്തു. ആപ്പുകൾ ഈടാക്കുന്ന അമിത കമ്മീഷൻ ഒടുവിൽ ഭക്ഷണ സാധനങ്ങളുടെ വില വർദ്ധനവിന് കാരണമാവുകയും അത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ഭാരമായി മാറുകയും ചെയ്യുന്നു.
ഇത് വിപണിയിലെ വിലസ്ഥിരതയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് സർക്കാർ ശക്തമായ ഇടപെടലുകൾക്ക് തയ്യാറായത്. പൊതുജന താൽപര്യം മുൻനിർത്തിയും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് പുതിയ നിയമപരമായ ചട്ടക്കൂടുകൾ നടപ്പിലാക്കുന്നത്.
ഈ നിയന്ത്രണങ്ങൾ നിലവിൽ വരുന്നതോടെ ആപ്പുകൾക്ക് ഏകപക്ഷീയമായി കമ്മീഷൻ നിരക്കുകൾ നിശ്ചയിക്കാൻ കഴിയില്ല. ഇത് വിപണിയിലെ ആരോഗ്യകരമായ മത്സരത്തിനും സുതാര്യതയ്ക്കും വഴിയൊരുക്കുമെന്നും വാണിജ്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

