ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മേഖലയിലെ അമേരിക്കൻ ഇടപെടലുകൾ അവസാനിക്കുന്നത് വരെ ഈ പാതയിലൂടെ ഒരു കപ്പലിനെയും കടത്തിവിടില്ലെന്നും, തുടർന്നുള്ള അറിയിപ്പുകൾ ഉണ്ടാകുന്നത് വരെ കടലിടുക്ക് അടച്ചിട്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
അനധികൃത പാതയിലൂടെ സഞ്ചരിച്ച കപ്പലിനുനേരെ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ അംഗീകരിക്കാത്ത യാതൊരു പാതകളിലൂടെയും കപ്പലുകൾ സഞ്ചരിക്കരുതെന്ന് കർശനമായ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
മസ്കറ്റിൽ നടന്ന ചർച്ചകൾക്കിടെ ഒമാൻ കടലിടുക്കിലൂടെ രണ്ട് പുതിയ പാതകൾ നിർദ്ദേശിക്കപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇറാൻ ഇത്തരമൊരു കടുത്ത നിലപാടിലേക്ക് നീങ്ങിയത്.
ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ധാരണകളെ തകർക്കാൻ ആസൂത്രിതമായ അന്താരാഷ്ട്ര ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് ഇറാൻ ആരോപിച്ചു. ഹോർമുസിൽ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം സമാധാന ചർച്ചകളെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള തീവ്ര വിഭാഗങ്ങളുടെ പ്രവർത്തനമാണെന്ന് ഇറാൻ സമ്മതിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ സാഹചര്യത്തിൽ, ഇറാനെതിരെ അമേരിക്ക ഉപരോധങ്ങൾ കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്. യുറേനിയം ശേഖരം കൈമാറാത്തപക്ഷം ഇറാനുമായുള്ള കരാറുകളിൽ നിന്ന് പിന്മാറുമെന്ന നിലപാടിലാണ് വാഷിംഗ്ടൺ.
മുജ്ത ഖംനഇയുടെ ഫണ്ട് മാനേജർ അലി അൻസാരി ഉൾപ്പെടെയുള്ളവർക്കും വിവിധ എക്സ്ചേഞ്ച് കമ്പനികൾക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. യുഎസ് പടക്കപ്പലുകൾ ഹോർമുസ് തീരത്തേക്ക് അടുക്കുന്നതിനിടെ, അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സൗദി കിരീടാവകാശിയുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു.
ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ സ്വന്തം നിലയ്ക്ക് മുൻകൈയെടുത്ത് അമേരിക്കയുമായി ഒപ്പിട്ട കരാറാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.
പാക് പ്രധാനമന്ത്രിയുമായി സംസാരിക്കവെ, അമേരിക്കയ്ക്കും ഇസ്രായേലിനും നേരെ പ്രസിഡൻ്റ് ആരോപണങ്ങൾ ഉന്നയിച്ചു. അതേസമയം, ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി ഒമാനിൽ എത്തിയിട്ടുണ്ട്.
ഇറാനിലെ ഭരണനേതൃത്വവും സൈനിക വിഭാഗങ്ങളും തമ്മിലുള്ള ഏകോപനമില്ലായ്മ വലിയ നയതന്ത്ര പ്രതിസന്ധികളിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

