കോഴിക്കോട് തടമ്പാട്ടുതാഴത്ത് ഗാന്ധിപാർക്കിന് സമീപം പ്രവർത്തിക്കുന്ന മൂന്ന് കടകളിൽ മോഷണം നടന്നു. സ്ഥാപനങ്ങളുടെ മേൽക്കൂര തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്.
വെള്ളി പുലർച്ചെ നടന്ന സംഭവത്തിൽ ഏകദേശം അര ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. പുലർച്ചെ 3.20-ന് കടയിൽ പ്രവേശിച്ച മോഷ്ടാവ് 3.45-ഓടെ പണവുമായി പുറത്തിറങ്ങിയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഈ സമയം തടമ്പാട്ടുതാഴം ജംക്ഷനിൽ ലോകകപ്പ് ഫുട്ബോൾ പ്രദർശനം നടക്കുകയായിരുന്നു. പുലർച്ചെ 1.30 മുതൽ 4 വരെ പ്രദേശത്ത് ഫുട്ബോൾ ആരാധകരുടെ വൻ തിരക്കായിരുന്നു.
ഈ ബഹളത്തിനിടയിലാണ് മോഷണം അരങ്ങേറിയത്. സംഭവത്തിന്റെ വിവരങ്ങൾ ഇങ്ങനെ:
ബസാറിലെ അജിത് സ്റ്റോറിന്റെ പിൻവശത്തുകൂടി മുകളിൽ കയറിയ മോഷ്ടാവ് ഓടുകൾ നീക്കി അകത്തുകയറി.
തുടർന്ന് മരപ്പലക പൊളിച്ച് താഴെയിറങ്ങി 10,000 രൂപ കവർന്നു. തൊട്ടടുത്തുള്ള ജിഷ ബേക്കറിയിൽ ഇതേ രീതിയിൽ കയറി മേശയിൽ സൂക്ഷിച്ചിരുന്ന 33,000 രൂപയും, പിന്നീട് പിഎച്ച് സ്റ്റോറിൽ നിന്നും 6,500 രൂപയും മോഷ്ടിച്ചു.
മോഷണം നടക്കുമ്പോൾ കടയുടെ പുറത്ത് ആളുകൾ ഫുട്ബോൾ കളി കാണാൻ നിൽക്കുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. രാത്രി 11.30-ഓടെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ സമീപത്തെ പറമ്പിലേക്ക് കയറുന്നത് കണ്ടതായി നാട്ടുകാർ പൊലീസിന് മൊഴി നൽകി.
പുലർച്ചെ കടയുടെ മുകളിൽ നിന്നും മോഷ്ടാവ് പുറത്തേക്ക് ചാടുന്ന ശബ്ദം കേട്ടതായും സമീപവാസികൾ പറഞ്ഞു. ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

