തിരുവനന്തപുരം: ഹൈക്കോടതി പ്ലീഡര് നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് പിന്തുണയുമായി ഡിസിസി അംഗം നിഖിൽ പൈലി രംഗത്ത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പാർട്ടിക്ക് വേണ്ടി പോരാടിയ പ്രവർത്തകരെ അവഗണിച്ച് സഖാക്കളെ തിരുകിക്കയറ്റുന്ന നടപടി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ നിഖിൽ പൈലി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: “കെഎസ്യു പ്രസിഡന്റ് അലോഷി സേവ്യറിനോട് നീരസം തോന്നിയിട്ടോ അയാളെ പൊങ്കാല ഇട്ടിട്ടോ കാര്യമില്ല അയാൾക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അയാൾ പറയുന്നതിലും കാര്യമുണ്ട്.
കഴിഞ്ഞ പത്ത് വർഷം വെള്ളം കോരിയവരും വിറക് വെട്ടിയവരും പോലീസിന്റെ തല്ല് വാങ്ങി കൂട്ടിയവരും സമരങ്ങൾ നടത്തിയതിന്റെ പേരിൽ കോടതി കയറി ഇറങ്ങുന്നവരും പുറത്ത് നിൽക്കുമ്പോൾ സഖാക്കൾക്ക് യുഡിഫ് സർക്കാർ മാനേജ്മെന്റ് കോട്ടയിൽ സ്ഥാനങ്ങൾ കൊടുക്കുന്നുണ്ടേൽ അത് ചോദ്യം ചെയ്യുക തന്നെ ചെയ്യും. സർക്കാരിന് തെറ്റ് പറ്റിയാൽ അത് തിരുത്തിക്കാൻ ആണ് അണികൾ.
അണികൾ ഉണ്ടേൽ മാത്രമേ പാർട്ടി ഉള്ളൂ. അല്ലാതെ നേതാക്കൾ മാത്രം വെള്ള ഷർട്ട് ഇട്ട് നടന്നാൽ പാർട്ടി ഉണ്ടാകില്ല പാർട്ടി വളരില്ല.
പത്ത് വർഷങ്ങൾ എൽഡിഎഫ് സർക്കാരിന് വേണ്ടി പ്രവർത്തിച്ചവർ 1960 ൽ കെഎസ്യു ആയിരുന്നെന്ന് പറഞ്ഞ് വന്നാൽ സ്ഥാനങ്ങൾ കൊടുക്കാൻ പറ്റില്ല. യുഡിഎഫിൽ അണികളെ ഉള്ളൂ അടിമകൾ ഇല്ലെന്ന് ഓർത്താൽ നല്ലത്” തിരുവനന്തപുരം ലോ കോളജിലെ മുൻ എസ്എഫ്ഐ പ്രവർത്തകയെ പ്ലീഡറാക്കിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
ഇതിനു മുൻപ് തന്റെ നിലപാട് വ്യക്തമാക്കി അലോഷ്യസ് സേവ്യർ കുറിച്ചത് ഇങ്ങനെയായിരുന്നു: “വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ല. ഇക്കാലമത്രയും വാദിച്ചതും ശബ്ദമുയർത്തിയതും കെ എസ് യു ആയി തെരുവിൽ ചോരയൊഴുക്കിയവർക്കും കേസുകളിൽ പ്രതിയായവർക്കും വേണ്ടിയാണ്.
വ്യക്തിപരമായ ഒരു സർക്കാർ ആനുകൂല്യത്തിന് വേണ്ടിയും വാദിക്കാൻ ഉദ്ദേശമില്ല. എന്നാൽ കെ എസ് യുക്കാരായ സഹപ്രവർത്തകരെ കണ്ടില്ല എന്ന് നടിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ല.
കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി സർക്കാരിനെതിരെ സമരം ചെയ്യാനും പ്രതിഷേധം ഉയർത്താനും നിരന്തരം വിളിച്ചുകൊണ്ടിരുന്ന നേതാക്കന്മാരുടെ ഫോണുകൾ ഇപ്പോൾ കെ എസ് യു സഹപ്രവർത്തകർക്ക് വേണ്ടി വിളിക്കുമ്പോൾ ഇൻകമിങ് സ്വീകരിക്കാത്തത് തെറ്റായ പ്രവണതയാണ്. വഴിയിൽ കൂടി പോകുന്ന എസ് എഫ് ഐക്കാരെയൊക്കെ ചുമക്കേണ്ട
ബാധ്യത യു ഡി എഫ് സർക്കാരിനില്ല. തിരുവനന്തപുരം നിയമ കലാലയത്തിൽ കെ എസ് യുക്കാരെ നിരന്തരം മർദിക്കുന്നതിന് നേതൃത്വം കൊടുത്ത സംഘത്തിലുള്ളവരെ ഗവൺമെന്റ് പ്ലീഡറാക്കിയ നടപടി തിരുത്തപ്പെടേണ്ടതാണ്.
എന്ത് കൊണ്ട് പരസ്യമായി പ്രതികരിക്കുന്നു എന്ന ചോദ്യം പാർട്ടിയേ സ്നേഹിക്കുന്ന സഹപ്രവർത്തകർക്ക് ഉണ്ടാകുമെന്നതിനാൽ അതിനുള്ള മറുപടി കൂടി കുറിക്കാതിരിക്കാൻ വയ്യ. കരയുന്ന പിള്ളയ്ക്കേ ചോറുള്ളൂ എന്ന് വച്ചാൽ എന്ത് ചെയ്യും” ഈ സംഭവവികാസങ്ങൾ കോൺഗ്രസ് അണികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

