വയനാട് തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണവുമായി കൊങ്കൺ റെയിൽവേ കോർപറേഷൻ രംഗത്തെത്തി. ജൂലൈ 7-ന് നടന്ന മണ്ണിടിച്ചിൽ തുരങ്കനിർമാണ സ്ഥലത്തുനിന്ന് 200 മീറ്റർ അകലെയാണെന്ന് അധികൃതർ വ്യക്തമാക്കി.
നിർമാണത്തിനായി തയാറാക്കിയ അംഗീകൃത രൂപകൽപനയും രേഖകളും പ്രകാരം, ഈ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം ചരിവ് സംരക്ഷിച്ച ഭാഗത്ത് ഉൾപ്പെടുന്നതല്ലെന്ന് കോർപറേഷൻ അറിയിച്ചു. തുരങ്കമുഖത്തിന്റെ മുകൾഭാഗത്തുനിന്ന് ഏകദേശം 100 മീറ്ററിലധികം ഉയരത്തിൽനിന്നാണ് ഉരുൾപൊട്ടൽ സംഭവിച്ചത്.
ഈ വലിയ ഉയരവ്യത്യാസം മൂലം ചരിവിന്റെ താഴ്ഭാഗങ്ങളിൽ അതിശക്തമായ സമ്മർദം അനുഭവപ്പെടുകയും, മരങ്ങൾ ഉൾപ്പെടെ വേരോടെ ഇളകി മണ്ണ് ഒലിച്ചുപോവുകയുമായിരുന്നുവെന്നാണ് കൊങ്കൺ റെയിൽവേയുടെ നിഗമനം. നിർമാണസ്ഥലത്ത് അവശിഷ്ടങ്ങളും മണ്ണും അതീവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ശേഖരിച്ചിരുന്നത്.
എന്നാൽ, തികച്ചും അപ്രതീക്ഷിതവും അതിവേഗത്തിലുമുണ്ടായ മണ്ണിടിച്ചിലിൽ പ്രദേശത്തുണ്ടായിരുന്നവർ കുടുങ്ങിപ്പോയതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. മഴക്കാലം ആരംഭിച്ചതിനെത്തുടർന്ന് ജൂൺ മധ്യത്തോടെ തന്നെ ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു.
തുരങ്കത്തിന്റെ പ്രവേശന കവാടത്തിനടുത്ത് സജ്ജീകരിച്ചിരുന്ന ചരിവ് നിർമാണകാലയളവിൽ തികച്ചും സുരക്ഷിതമായിരുന്നുവെന്നും കൊങ്കൺ റെയിൽവേ അറിയിച്ചു. മണ്ണ് നിക്ഷേപിച്ച സ്ഥലം നിരീക്ഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട
ചുരുക്കം ചില സാങ്കേതിക വിഭാഗം ജീവനക്കാർ മാത്രമാണ് അപ്രതീക്ഷിത സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നത്. എല്ലാ നിർമാണ പ്രവർത്തനങ്ങളും കൃത്യമായ എൻജിനീയറിങ് രീതികളും അംഗീകൃത നിർദേശങ്ങളും പാലിച്ചാണ് നടപ്പിലാക്കിയിരുന്നതെന്നും കോർപറേഷൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

