ബംഗ്ലാദേശിലെ കൊമില്ലയിൽ ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. 35 വയസ്സുകാരനായ മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
പ്രദേശത്തെ ഒരു ചായക്കടയിൽ വെച്ച് മത്സരം വീക്ഷിക്കുന്നതിനിടെയാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.
മത്സരത്തിന്റെ 21-ാം മിനിറ്റിൽ അർജന്റീനയ്ക്ക് ലഭിച്ച പെനാൽറ്റി ലയണൽ മെസിക്ക് ഗോളാക്കി മാറ്റാൻ സാധിച്ചിരുന്നില്ല. ഈജിപ്ത് ഗോൾകീപ്പർ മോസ്തഫ ഷോബീർ പന്ത് തടുത്തിട്ടതോടെ, അവിടെയുണ്ടായിരുന്ന അർജന്റീന ആരാധകരോട് മുഹമ്മദ് ഷെരീഫുൾ ഇസ്ലാം നടത്തിയ പരാമർശങ്ങൾ തർക്കത്തിലേക്ക് നയിക്കുകയായിരുന്നു.
ഈ തർക്കം പിന്നീട് കൈയാങ്കളിയിൽ കലാശിച്ചു. സംഭവത്തിൽ ബാബു, മെയിൻ ഉദ്ദിൻ മാലു എന്നീ പ്രാദേശികവാസികൾ ചേർന്ന് മുഹമ്മദ് ഷെരീഫുൾ ഇസ്ലാമിന്റെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചതായി പോലീസ് വ്യക്തമാക്കി.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കുമില്ല മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ബ്രസീൽ ആരാധകനായിരുന്നെങ്കിലും, ആ മത്സരത്തിൽ ഈജിപ്തിനെയാണ് പിന്തുണച്ചിരുന്നത്.
സംഭവത്തെ തുടർന്ന് കൊല്ലപ്പെട്ടയാളുടെ ഭാര്യ ബ്യൂട്ടി ബാനു വികാരാധീനയായി പ്രതികരിച്ചു. ‘ഒരു ഫുട്ബോൾ മത്സരത്തിന്റെ പേരിൽ ഒരാളെ എങ്ങനെയാണ് കൊല്ലാൻ കഴിയുക? എനിക്ക് രണ്ട് പെൺമക്കളുണ്ട്.
അവർ ഇനി ആരെയാണ് അച്ഛാ എന്ന് വിളിക്കുക? എന്റെ കുടുംബം തന്നെ തകർന്നുപോയി.’ എന്ന് അവർ പറഞ്ഞു. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

