ജമ്മു കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളിൽ പാകിസ്ഥാന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന നിർണ്ണായക ദൃശ്യങ്ങൾ പുറത്തുവന്നു. ഭീകരസംഘടനയായ ഹിസ്ബുൽ മുജാഹിദീന്റെ ഡെപ്യൂട്ടി സുപ്രീം കമാൻഡർ ഷംഷേർ ഖാൻ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് സുരക്ഷാ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്.
പാകിസ്ഥാനിൽ നിന്ന് എത്തിയ ഭീകരർ ജമ്മു കശ്മീരിലെ വിവിധയിടങ്ങളിൽ വെച്ച് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇയാൾ വീഡിയോയിൽ സമ്മതിക്കുന്നു. ലോലാബ്, കുപ്വാര മുതൽ കത്വ വരെയുള്ള മേഖലകളിലെ ശ്മശാനങ്ങളിൽ പാകിസ്ഥാനിൽ നിന്നെത്തിയ ഭീകരരുടെ മൃതദേഹങ്ങൾ അടക്കം ചെയ്തിട്ടുണ്ടെന്നും, കശ്മീരിലെ മണ്ണിൽ തങ്ങളുടെ പോരാളികൾ അന്ത്യവിശ്രമം കൊള്ളുന്നുണ്ടെന്നും ഷംഷേർ ഖാൻ അവകാശപ്പെടുന്നു.
കൊല്ലപ്പെട്ട ഭീകരരെ “രക്തസാക്ഷികൾ” എന്ന് വിശേഷിപ്പിച്ച ഇയാൾ, കശ്മീരിന് വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും പ്രഖ്യാപിക്കുന്നു.
ജൂലൈ 8-ന് പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഈ വിവാദ പ്രസംഗം. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ബുർഹാൻ വാനി, വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി എന്നിവരുടെ പോസ്റ്ററുകൾ പ്രദർശിപ്പിച്ചിരുന്നു.
കൂടാതെ, പാക് അധീന കശ്മീരിൽ പ്രവർത്തിക്കുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി എന്ന സംഘടനയ്ക്കെതിരെയും ഇയാൾ രൂക്ഷ വിമർശനമുന്നയിച്ചു. അവർ ഇന്ത്യയുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് ഭീഷണി ഉയർത്തിയത്.
ജമ്മു കശ്മീരിലെ അക്രമങ്ങൾക്കായി പാകിസ്ഥാൻ ഭീകരരെ അതിർത്തി കടത്തിവിടുന്നുവെന്ന ഇന്ത്യയുടെ ദീർഘകാലത്തെ ഔദ്യോഗിക നിലപാടിനെ സാധൂകരിക്കുന്നതാണ് ഈ വെളിപ്പെടുത്തൽ. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാൻ ആവർത്തിക്കുമ്പോഴും, അവരുടെ മണ്ണിൽ നിന്നുള്ള കമാൻഡർ തന്നെ പാക് ഭീകരരുടെ സാന്നിധ്യം പരസ്യമായി സമ്മതിക്കുന്നത് സുരക്ഷാ ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

