പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യം പ്രവാസികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥ അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ അഭിപ്രായപ്പെട്ടു. മർകസ് ഗ്ലോബൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി സമൂഹം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പഠനം നടത്തുന്നതിനും, സമാശ്വാസ- പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമായി സർക്കാർ ഒരു പ്രത്യേക പഠന സമിതിയെ നിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ തൊഴിൽ നഷ്ടം, വരുമാനത്തിലെ കുറവ്, വിലക്കയറ്റം, സാമ്പത്തിക അസ്ഥിരത, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ നിരവധി വെല്ലുവിളികളിലൂടെയാണ് ഗൾഫ് മേഖലയിലെ പ്രവാസികൾ കടന്നുപോകുന്നത്.
ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. വിമാന ടിക്കറ്റ് നിരക്കിലെ അമിത വർധനവ് സാധാരണക്കാരായ പ്രവാസികളെ സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റ് ഇന്ത്യൻ നഗരങ്ങളെ അപേക്ഷിച്ച് ഗൾഫ്-കേരള സെക്ടറിൽ വിമാന കമ്പനികൾ ഈടാക്കുന്ന ഉയർന്ന നിരക്ക് നീതിരഹിതമാണ്. യാത്രാ തിരക്ക് കൂടുമ്പോൾ നിരക്ക് കുത്തനെ ഉയർത്തുന്ന പ്രവണത ദീർഘകാലമായി തുടരുകയാണെന്നും ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന്റെ വികസനത്തിൽ പ്രവാസികൾ നൽകുന്ന സംഭാവനകൾ പരിഗണിച്ച്, പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം കണക്കിലെടുത്ത് പ്രവാസികൾക്കായി പ്രത്യേക പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

