ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് നിർമാണ കാലാവധി ഡിസംബർ വരെ നീട്ടി നൽകി. പദ്ധതിയുടെ പുരോഗതിയും സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തുന്നതിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങളിൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
പാരിപ്പള്ളിയിലെ ഉയരപ്പാതയിൽ മണ്ണിട്ട് ഉയർത്തിയ ഭാഗങ്ങളിൽ സോയിൽ നെയ്ലിങ് നടത്തി ബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും പ്രദേശവാസികൾക്കിടയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഒരു വിദഗ്ധ സംഘത്തെക്കൊണ്ട് വീണ്ടും പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
ഉയരപ്പാതയിലെ വയഡറ്റിന്റെ ബീമുകളിൽ കണ്ടുവരുന്ന നേരിയ വളവ് നിർമാണ ഘട്ടത്തിൽ ഉണ്ടായതാണെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും സമാനമായ രീതിയിൽ ബീമുകളിൽ വളവ് ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇത്തരം സാഹചര്യങ്ങളിൽ ഐഐടി വിദഗ്ധരുടെ നിർദേശപ്രകാരം സ്റ്റീൽ സ്ട്രക്ചർ കണക്ഷൻ വഴിയാണ് ബലപ്പെടുത്തൽ നടത്തുന്നത്. റീ ഇൻഫോഴ്സ്ഡ് എർത്ത് പാനലുകൾ (ആർഇ പാനൽ) പുറത്തേക്ക് തള്ളുന്ന സാഹചര്യത്തിൽ, പാനലുകൾ തുരന്ന് ഇരുമ്പ് ദണ്ഡ് കയറ്റി സോയിൽ നെയ്ലിങ് നടത്തുന്നുണ്ട്.
കനത്ത മഴയിൽ വെള്ളം ഉള്ളിലേക്ക് ഇറങ്ങി അപകടങ്ങൾ സംഭവിക്കുമോ എന്ന ആശങ്ക കണക്കിലെടുത്ത്, സർവീസ് റോഡുകളിലേക്ക് വെള്ളം വേഗത്തിൽ ഒഴുകിപ്പോകാൻ അധികമായി പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും, ഗതാഗതം പൂർണതോതിൽ തുറന്നുകൊടുക്കുന്നതിന് മുൻപ് സുരക്ഷാ പരിശോധനകൾ അനിവാര്യമാണെന്നാണ് ഉയരുന്ന ആവശ്യം.
മറുവശത്ത്, റോഡ് വികസന കാലാവധി നീട്ടി നൽകിയിട്ടും മേവറത്ത് ഫ്ലൈഓവറിന്റെ പൈലിങ് ജോലികൾ പോലും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ റോഡ് തകർന്ന മൈലക്കാട് ഭാഗത്ത് മാത്രമാണ് കാര്യമായ പുരോഗതി കാണാൻ സാധിക്കുന്നത്.
അതേസമയം, ചാത്തന്നൂർ മണ്ഡലത്തിൽ ദേശീയപാതയോരത്തെ വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് കലക്ടർ ആനി ജൂല തോമസ് വ്യക്തമാക്കി. പാരിപ്പള്ളി ജംക്ഷനിലെ വെള്ളക്കെട്ട് സംബന്ധിച്ച പരാതികളിൽ പൊതുമരാമത്ത് വകുപ്പും ദേശീയപാത അതോറിറ്റിയും സംയുക്തമായി പരിശോധന നടത്തും.
കല്ലുവാതുക്കൽ, ഇത്തിക്കര, ചാത്തന്നൂർ എന്നിവിടങ്ങളിലെ ഓട നിർമാണവും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തുന്നതുമായി ബന്ധപ്പെട്ട
വിഷയങ്ങളും പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഓടകളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബി.ബി ഗോപകുമാർ എം.എൽ.എയും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

