സംസ്ഥാനത്തെ പി.എസ്.സി പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ക്രമക്കേട് ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി. ഐ.ജി അജിത ബീഗം നേതൃത്വം നൽകുന്ന ഈ സംഘത്തിൽ എസ്.പി സക്കറിയ മാത്യു, ഡി.വൈ.എസ്.പി അജയ് നാഥ് എന്നിവരും അംഗങ്ങളായിരിക്കും.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും അന്വേഷണ നടപടികൾ പുരോഗമിക്കുക. അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് ഓരോ രണ്ടാഴ്ച കൂടുമ്പോഴും സമർപ്പിക്കണമെന്നും ഡി.ജി.പി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ സമാന്തരമായി രണ്ട് തലങ്ങളിലാണ് അന്വേഷണം നടക്കുന്നത്. പി.എസ്.സി ആഭ്യന്തര വിജിലൻസും ക്രൈംബ്രാഞ്ചും വെവ്വേറെയാണ് വിഷയത്തിൽ പരിശോധന നടത്തുന്നത്.
ആസൂത്രണ ബോർഡിലെ നിയമന പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ പി.എസ്.സി നിയോഗിച്ച ആഭ്യന്തര വിജിലൻസ് എസ്.പി ഇതിനകം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇതിനു പുറമെയാണ് മന്ത്രിസഭാ തീരുമാനപ്രകാരം ആഭ്യന്തര വകുപ്പ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
പി.എസ്.സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ ആരോപണങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിക്കും. ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള പരീക്ഷാ മൂല്യനിർണ്ണയത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണാനുമതി തേടി വിജിലൻസ് ഡയറക്ടർ കത്ത് നൽകിയിരുന്നതായി ഉത്തരവിൽ പരാമർശിക്കുന്നുണ്ട്.
അതിനാൽ ആസൂത്രണ ബോർഡിലെ നിയമന പരാതിയിൽ കേന്ദ്രീകരിച്ചായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ട് പോവുക. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ ക്രൈംബ്രാഞ്ച് ഔദ്യോഗികമായി കേസെടുക്കുകയുള്ളൂ.
അന്വേഷണത്തിന്റെ ഭാഗമായി പി.എസ്.സിയിൽ നിന്ന് ആവശ്യമായ ഫയലുകൾ ലഭ്യമാക്കാൻ പോലീസ് കത്ത് നൽകും. എന്നാൽ, ഈ ഫയലുകൾ കൈമാറുന്ന കാര്യത്തിൽ പി.എസ്.സി നിയമോപദേശം തേടിയ ശേഷം കമ്മീഷൻ യോഗം ചേർന്ന് തീരുമാനമെടുക്കും.
ആഭ്യന്തര വിജിലൻസ് വിഭാഗവും സമാന്തരമായി അന്വേഷണം നടത്തുന്ന കാര്യം പി.എസ്.സി അധികൃതർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പരാതിക്കാരന്റെ മൊഴി പി.എസ്.സി വിജിലൻസ് എസ്.പി ഓഫീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മൂല്യനിർണ്ണയത്തിലും അഭിമുഖത്തിലും അട്ടിമറി നടന്നതായി സംശയിക്കുന്നതായും, ആവശ്യപ്പെട്ട രേഖകൾ പി.എസ്.സി പൂർണ്ണമായി നൽകിയില്ലെന്നും പരാതിക്കാരൻ മൊഴി നൽകി.
വരും ദിവസങ്ങളിൽ കൂടുതൽ പരാതിക്കാരുടെയും പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

