തിരുവനന്തപുരം: ദേശീയപാത ആറുവരിയാക്കുന്ന പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയുള്ള പാതയിൽ വൻ മാറ്റങ്ങളുമായി ദേശീയപാത അതോറിറ്റി. പദ്ധതിയുടെ ഭാഗമായി 12 ഉയരപ്പാതകൾ, രണ്ട് കട്ട് ആൻഡ് കവർ ടണലുകൾ, ഒരു അടിപ്പാത എന്നിവ നിർമിക്കുന്നതിനായി 959.25 കോടി രൂപയുടെ കരാർ അധികൃതർ ക്ഷണിച്ചു.
5.34 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗങ്ങളിലായാണ് ഈ പുതിയ നിർമാണങ്ങൾ നടപ്പാക്കുക. പ്രധാന നിർമാണങ്ങൾ
ടെക്നോപാർക്ക് ഫെയ്സ് 4, പള്ളിപ്പുറം സിആർപിഎഫ് ജംക്ഷൻ, ആറ്റിങ്ങൽ മാമം എന്നിവിടങ്ങളിലാണ് പുതിയ ഉയരപ്പാതകൾ സ്ഥാപിക്കുന്നത്.
11.15 കിലോമീറ്റർ ദൈർഘ്യമുള്ള ആറ്റിങ്ങൽ ബൈപാസിൽ, മണ്ണിന് ഉറപ്പുകുറഞ്ഞതും വയലുകളും നദികളും ഉൾപ്പെടുന്നതുമായ സ്ഥലങ്ങളിൽ തൂണുകളിൽ മേൽപാലങ്ങൾ നിർമിക്കും. വാമനപുരം നദിക്ക് ശേഷമുള്ള ഭാഗത്ത് കട്ട് ആൻഡ് കവർ രീതിയിൽ രണ്ട് ടണലുകളും ആറ്റിങ്ങൽ ബൈപാസിൽ കാൽനടയാത്രക്കാർക്കായി അടിപ്പാതയും നിർമിക്കും.
ഡിസൈൻ മാറ്റത്തിന് കാരണം
മലപ്പുറം, കൊല്ലം ജില്ലകളിൽ ദേശീയപാതയുടെ ഭാഗമായി നിർമിച്ച റീട്ടെയ്നിങ് വാളുകളിൽ മണ്ണുനിറച്ചു നടത്തിയ നിർമാണങ്ങളിലുണ്ടായ അപാകതകളും തുടർന്നുണ്ടായ അപകടങ്ങളും കണക്കിലെടുത്താണ് നിലവിലെ ഡിസൈൻ പുനഃപരിശോധിക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതനുസരിച്ച് ഉയരപ്പാതകളുടെ നീളം വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ടെക്നോസിറ്റി, കുറക്കോട് മേഖലകളിൽ കനത്ത മഴയിൽ റോഡ് വെള്ളത്തിനടിയിലായി ഗതാഗതം സ്തംഭിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് ഈ മാറ്റങ്ങൾ. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും കൃത്യമായി വിശകലനം ചെയ്ത ശേഷമാണ് ഡിസൈനിൽ മാറ്റം വരുത്തിയതെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടർ ദീപപ്രസാദ് സാഹൂ വ്യക്തമാക്കി.
ഒന്നര വർഷത്തിനുള്ളിൽ ഈ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പുതിയ പദ്ധതികൾ കൂടി ഏറ്റെടുക്കുന്നതോടെ, നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം ഡിസംബറിൽ ദേശീയപാത വികസനം പൂർത്തിയാകാൻ സാധ്യത കുറവാണെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

