പത്തനംതിട്ട കടമ്മനിട്ട കല്ലേലി മുക്കിൽ വീടിനോട് ചേർന്ന് സ്ഥാപിച്ച ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ ദാരുണമായി മരിച്ചു.
അടയ്ക്ക മാവുങ്കൽ വീട്ടിൽ മാത്തുക്കുട്ടി (ജോയിക്കുട്ടി – 75) ആണ് അപകടത്തിൽ മരണപ്പെട്ടത്. റോഡ് നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വീട്ടിലേക്ക് പ്രവേശിക്കുന്നതിനായി രണ്ട് വർഷം മുൻപാണ് ഈ ലിഫ്റ്റ് നിർമിച്ചത്.
പ്രായം ചെന്ന മാത്തുക്കുട്ടിക്കും ഭാര്യ അന്നമ്മ മാത്യുവിനും പടികൾ കയറാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് മക്കൾ വിദേശത്ത് നിന്ന് ഈ സൗകര്യം ഒരുക്കി നൽകിയത്. പ്രാഥമിക നിഗമനങ്ങളനുസരിച്ച്, ലിഫ്റ്റ് പ്രവർത്തിക്കുന്നതിനിടെ പെട്ടെന്ന് വൈദ്യുതി തടസ്സമുണ്ടായി.
ലിഫ്റ്റ് നിലച്ചതോടെ എന്താണ് സംഭവിച്ചതെന്ന് അറിയാൻ മാത്തുക്കുട്ടി തല പുറത്തേക്ക് ഇട്ട് നോക്കിയിരുന്നു. ഈ സമയത്ത് ലിഫ്റ്റ് അപ്രതീക്ഷിതമായി വീണ്ടും പ്രവർത്തിക്കാൻ തുടങ്ങിയതാണ് അപകടത്തിന് കാരണമായത്.
ഈ സമയം മാത്തുക്കുട്ടിയുടെ തല ലിഫ്റ്റിന്റെ ഇരുമ്പ് ഫ്രെയിമിലും പൈപ്പിനും ഇടയിൽ കുടുങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഭാര്യ അന്നമ്മ മാത്യു ഓടിയെത്തിയപ്പോഴാണ് ഭർത്താവിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്.
അയൽക്കാരുടെ സഹായത്തോടെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് പത്തനംതിട്ടയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഇരുമ്പ് പൈപ്പുകൾ മുറിച്ച് മാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്.
അപ്പോഴേക്കും മാത്തുക്കുട്ടി മരണപ്പെട്ടിരുന്നു. സംഭവസ്ഥലത്ത് ആറന്മുള പോലീസ് എത്തി നടപടികൾ സ്വീകരിച്ചു.
കെഎസ്ആർടിസിയിലെ മുൻ കണ്ടക്ടറായിരുന്നു ഇദ്ദേഹം. മക്കൾ: ജോമോൻ മാത്യു, ജിസോ ജെ.മാത്യു (ഇരുവരും വിദേശത്താണ്).
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

