സംസ്ഥാനത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിനുള്ള സാധ്യത കേന്ദ്രങ്ങളുടെ പട്ടികയിൽ കൊരട്ടിയും ഉൾപ്പെട്ടു. എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച വിശദമായ പദ്ധതി രേഖകൾ തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയോട് മന്ത്രി കെ.മുരളീധരൻ നിർദ്ദേശിച്ചു.
ഇതോടെയാണ് കൊരട്ടിയുടെ സാധ്യതകൾ വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുന്നത്. നിലവിൽ ഒൻപത് കേന്ദ്രങ്ങളാണ് സാധ്യതാ പട്ടികയിലുള്ളത്.
കൊരട്ടി, കുന്നംകുളം, വൈക്കം, പിറവം, കോഴിക്കോട്, തൃക്കരിപ്പൂർ, കാസർകോട്, പെരുവ (കോട്ടയം) എന്നീ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വിശദമായ പദ്ധതി നിർദ്ദേശങ്ങൾ തയ്യാറാക്കി സമർപ്പിക്കാൻ അതത് മണ്ഡലങ്ങളിലെ എംഎൽഎമാർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. പട്ടികയിൽ കൊരട്ടിയെക്കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സനീഷ്കുമാർ ജോസഫ് എംഎൽഎ നേരത്തെ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു.
ഭൂമി ലഭ്യതയും അനുകൂല ഘടകങ്ങളും
കൊരട്ടിയെ സംബന്ധിച്ചിടത്തോളം വിശാലമായ ഭൂമിയുടെ ലഭ്യതയാണ് പ്രധാന അനുകൂല ഘടകം. ആരോഗ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഗവ.ഗാന്ധിഗ്രാം ത്വക് രോഗ ആശുപത്രിയുടെ നൂറേക്കറിലധികം വരുന്ന ഭൂമി, സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മുൻ വൈഗെ ത്രെഡ്സ് കമ്പനിയുടെ ഉപയോഗിക്കാത്ത ഭാഗങ്ങൾ, കേന്ദ്ര നഗരവികസന മന്ത്രാലയത്തിനു കീഴിലുള്ള ഗവ.ഓഫ് ഇന്ത്യ പ്രസിന്റെ കിൻഫ്ര വ്യവസായ പാർക്കിന് അനുവദിച്ച ശേഷമുള്ള ഭൂമി എന്നിവ പ്രയോജനപ്പെടുത്താമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
മധ്യകേരളത്തിലെ സ്ഥാനം, സമീപത്തുള്ള രാജ്യാന്തര വിമാനത്താവളം, ദേശീയപാത, റെയിൽവേ സ്റ്റേഷൻ, ചാലക്കുടിപ്പുഴയിലെ ജലസ്രോതസ്, വലിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവയും ഈ പദ്ധതിക്ക് കൊരട്ടിയെ കൂടുതൽ കരുത്തുറ്റതാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

