അരൂർ-തുറവൂർ ഉയരപ്പാതയുടെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങളും മണ്ണും അശാസ്ത്രീയമായി നിക്ഷേപിക്കുന്നത് പ്രദേശവാസികൾക്ക് വലിയ ഭീഷണിയാകുന്നു.
അരൂർ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ആന്നുരുത്തി വീട്ടിൽ മുഹമ്മദും (67) കുടുംബവും തങ്ങളുടെ വീട് ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് താമസം മാറാൻ നിർബന്ധിതരായിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി ഇവർ വാടകവീട്ടിലാണ് കഴിയുന്നത്.
ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായുള്ള അവശിഷ്ടങ്ങൾ വൻമല പോലെ നിക്ഷേപിച്ചിരിക്കുന്ന കേന്ദ്രത്തിന് തൊട്ടടുത്താണ് മുഹമ്മദിന്റെ വീട് സ്ഥിതി ചെയ്യുന്നത്. ശക്തമായ മഴയിൽ ഈ മൺകൂനകളും കോൺക്രീറ്റ് അവശിഷ്ടങ്ങളും ഇടിഞ്ഞു വീഴുന്നത് വീടിന്റെ സുരക്ഷയെ ബാധിച്ചു.
ഇതേതുടർന്ന് ഇരുനില വീടിന്റെ തറയിലും ഭിത്തികളിലും രൂക്ഷമായ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. മുഹമ്മദ്, ഭാര്യ നബീസ, മക്കളായ അർഷാദ്, അജ്മൽ, ഇവരുടെ ഭാര്യമാരായ സഫ്ന, ഷിഫാന എന്നിവരടങ്ങുന്നതായിരുന്നു ഈ കുടുംബം.
കൂലിപ്പണിക്കാരനായ മുഹമ്മദ് ഇപ്പോൾ പ്രതിമാസം 12,000 രൂപ വാടക നൽകിയാണ് മറ്റൊരു വീട്ടിൽ അഭയം തേടിയിരിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ 70 സെന്റോളം സ്ഥലത്താണ് നിർമാണ കമ്പനി അവശിഷ്ടങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്.
ഈ സ്ഥലത്തിന്റെ ചുറ്റുമതിൽ ഇതിനകം തകർന്നു വീണു കഴിഞ്ഞു. മണ്ണും ചെളിയും വീടിന്റെ പരിസരത്തേക്ക് ഇരച്ചുകയറുന്ന അവസ്ഥയാണ് നിലവിലുള്ളത്.
വീടിന്റെ ഭിത്തികൾക്ക് പുറമെ അടിത്തറയ്ക്കും മേൽക്കൂരയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വയറിങ് തകരാറിലായതോടെ വീടിനുള്ളിൽ ഷോക്കേൽക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
അരൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലുള്ള ദൈവവെളി ക്ഷേത്രത്തിന് സമീപത്തും സമാനമായ രീതിയിൽ നിർമാണാവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് പ്രദേശവാസികൾക്ക് വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. ഇതിനകം സമീപത്തെ രണ്ട് വീടുകളുടെ മതിലുകൾ തകർന്നു വീണിരുന്നു.
കഴിഞ്ഞ മാസം പഞ്ചായത്ത് അധികൃതർ നിർമാണക്കരാർ കമ്പനിക്ക് താക്കീത് നൽകുകയും അവശിഷ്ടങ്ങൾ തള്ളുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നു. എന്നാൽ, നിയമങ്ങൾ കാറ്റിൽ പറത്തി ഇപ്പോഴും അവശിഷ്ടങ്ങൾ തള്ളുന്നത് തുടരുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മഴ കനക്കുന്നതോടെ കൂടുതൽ കുടുംബങ്ങൾ അപകട ഭീഷണിയിലാകുമെന്ന ആശങ്ക ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

