പശ്ചിമഘട്ടത്തിന്റെ മലനിരകളിൽ മഴക്കാലമെത്തുമ്പോൾ ഒറ്റപ്പെട്ടുപോകുന്ന ഗ്രാമങ്ങളുടെ ഏക ആശ്രയമായി മാറിയ തൂക്കുപാലങ്ങളുടെ നിർമ്മാണത്തിലൂടെ ശ്രദ്ധേയനായിരിക്കുകയാണ് ഗിരീഷ് ഭരദ്വാജ്. കർണാടകയിലെ സുള്ള്യ സ്വദേശിയായ ഇദ്ദേഹം കേരളം, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലായി നിരവധി തൂക്കുപാലങ്ങൾ ഇതിനകം നിർമ്മിച്ചുകഴിഞ്ഞു.
1994-ൽ കാസർകോട് ജില്ലയിലെ പാണത്തൂരിൽ ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെ 55 മീറ്റർ നീളമുള്ള തൂക്കുപാലം നിർമ്മിച്ചുകൊണ്ടാണ് ഇദ്ദേഹം കേരളത്തിൽ തന്റെ പ്രവർത്തനം ആരംഭിക്കുന്നത്. തുടർന്ന് കാസർകോട്, കണ്ണൂർ ജില്ലകളിലെ ഉൾനാടൻ ഗ്രാമങ്ങളിലെ പുഴകൾക്ക് കുറുകെ ഒട്ടേറെ പാലങ്ങൾ യാഥാർത്ഥ്യമാക്കി.
കോൺക്രീറ്റ് പാലങ്ങൾ എത്തുന്നതിന് മുൻപ് വരെ ഗ്രാമീണർക്ക് പുറംലോകത്തെത്താനുള്ള സുരക്ഷിതമാർഗ്ഗമായി ഈ തൂക്കുപാലങ്ങൾ വർത്തിച്ചു. കുറഞ്ഞ ചെലവിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ പാലങ്ങൾ പൂർത്തിയാക്കുന്ന രീതിയാണ് ഗിരീഷിന്റേത്.
താൻ പഠിച്ച സാങ്കേതികവിദ്യയും സ്വന്തമായി വികസിപ്പിച്ചെടുത്ത രീതികളും സമന്വയിപ്പിച്ചാണ് അദ്ദേഹം ഈ നേട്ടങ്ങൾ കൈവരിക്കുന്നത്. തുടക്കകാലത്ത് മരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ലളിതമായ രീതിയിലായിരുന്നു പാലങ്ങൾ നിർമ്മിച്ചിരുന്നതെങ്കിൽ, പിന്നീട് കോൺക്രീറ്റ് തൂണുകളും സ്ലാബുകളും ഉപയോഗിച്ച് അവ കൂടുതൽ ബലപ്പെടുത്തുകയായിരുന്നു.
തന്റെ നാട്ടുക്കാരുടെ ആവശ്യപ്രകാരം ഈ മേഖലയിലേക്ക് കടന്നുവന്ന ഗിരീഷ്, ഇന്ന് രാജ്യാന്തര ശ്രദ്ധയിലേക്ക് ഉയർന്നിരിക്കുകയാണ്. തൂക്കുപാലങ്ങൾ നിർമ്മിക്കുന്നതിനായി ശ്രീലങ്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും അദ്ദേഹത്തിന് ക്ഷണങ്ങൾ ലഭിച്ചിട്ടുണ്ട്.
സുള്ള്യയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, മംഗളൂരു സെന്റ് അലോഷ്യസ് കോളജിൽ നിന്നും പ്രീഡിഗ്രിയും മാണ്ഡ്യ പിഇഎസ് കോളജിൽ നിന്നും എൻജിനീയറിങ് ബിരുദവും നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

