കോഴിക്കോട് ജില്ലയിലെ കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ബിഹാർ സ്വദേശി ബികാഷ് കുമാർ സിങ്ങിന്റെ മൃതദേഹം അഗ്നിരക്ഷാസേന കണ്ടെടുത്തു. മീനാക്ഷിപ്പാലത്തിന് സമീപം അടിഞ്ഞുകൂടിയ മണ്ണും മരച്ചില്ലകളും നീക്കം ചെയ്യുന്നതിനിടയിലാണ് മണ്ണിൽ ചോരപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ വിരലിൽ മുറിവേറ്റ് രക്തം വാർന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി മണ്ണ് മാറ്റി പുറത്തെടുത്തെങ്കിലും അപ്പോഴേക്കും ഇദ്ദേഹത്തിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
തുരങ്കപ്പാത നിർമ്മാണത്തിനായി എത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ കനത്ത ആശങ്കയിലാണ് കഴിയുന്നത്. കഴിഞ്ഞ എട്ട് മാസമായി കള്ളാടിയിലെ തുരങ്കപ്പാത നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ഈ സംഘം.
ക്യാംപിൽ താമസിക്കുന്ന തൊഴിലാളികൾ മലവെള്ളം ഒഴുക്കിവിടുന്നതിനായി ചാലുകൾ കീറുന്നതിനിടയിലാണ് അപകടം നടന്നത്. സംഭവം നേരിൽ കണ്ട
ദീപക് കുമാർ പറഞ്ഞതിങ്ങനെ: “ഉള്ളിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടപ്പുണ്ട്. ഞങ്ങളൊക്കെ ജീവനും കൊണ്ട് ഓടിരക്ഷപെട്ടതാണ്.
മഴക്കാലം ഇങ്ങനെ ശക്തമായി തുടരുകയാണെങ്കിൽ ഇവിടെ എങ്ങനെ ജോലി ചെയ്യുമെന്നറിയില്ല. നാട്ടിലേക്കു തിരിച്ചുപോയാലോ എന്ന ചിന്തയിലാണ്.” ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ദേവിചന്ദ്, രജീന്ദ്ര രാജ്പുത്, നാഗേന്ദ്ര എന്നിവരും പ്രദേശത്തെ അതീവ അപകടാവസ്ഥ പങ്കുവെച്ചു.
“ഇവിടെ കുറെ ദിവസമായി നല്ല മഴയാണ്. ഇനിയും മണ്ണിടിഞ്ഞേക്കാം.
ജീവൻ പണയം വച്ചാണ് ഇവിടെ നിൽക്കുന്നത്” എന്നും അവർ കൂട്ടിച്ചേർത്തു. തുടർച്ചയായ മഴയും മണ്ണിടിച്ചിൽ ഭീഷണിയും നിർമ്മാണ പ്രവർത്തനങ്ങളെയും തൊഴിലാളികളുടെ സുരക്ഷയെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

